തിരുവനന്തപുരം: പതിനാറുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരുത്തിപ്പാറ എൻഎസ്‌എസ് ഹൈസ്കൂള്‍ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു
ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
പെണ്‍കുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ പ്രതികള്‍ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ചാക്കില്‍ കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. അഭിരാമിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ പ്രതികളില്‍ ഒരാളുടെ പ്രായം 17 വയസാണെന്ന് പെലിസ് വ്യക്തമാക്കി. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലിസ് പരിശോധിച്ചുവരികയാണ്


