2016 നവംബര്‍ എട്ട്. രാജ്യം അങ്ങേയറ്റം ഞെട്ടലോടെ കേട്ടിരുന്ന പ്രഖ്യാപനമായിരുന്നു അത്. രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചതോടെ 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ ഒറ്റ രാത്രികൊണ്ട് അസാധുവായി. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും നിശ്ചിത കാലയളവില്‍ മാറ്റിയെടുക്കാനും സര്‍ക്കാര്‍ അവസരം നല്‍കിയെങ്കിലും, സാധാരണക്കാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. തുടര്‍ന്ന് പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും, പിന്നീട് 2023-ല്‍ രണ്ടായിരം രൂപയുടെ നോട്ടും പിന്‍വലിക്കുകയുണ്ടായി.
ഇന്ന് നോട്ടുനിരോധനം നടപ്പിലാക്കി പത്ത് വര്‍ഷം തികയുമ്പോൾ, അന്നേ ദിവസം ലക്ഷ്യമിട്ട ഫലങ്ങള്‍ രാജ്യം കൈവരിച്ചോ എന്ന ഗൗരവമേറിയ ചോദ്യമാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകര്‍ ഉയര്‍ത്തുന്നത്.
കള്ളപ്പണം, ഹവാല, അഴിമതി, ഭീകരപ്രവര്‍ത്തനം എന്നിവയില്‍ നിന്നെല്ലാം രാജ്യത്തെ ശുദ്ധീകരിക്കാനുള്ള നിര്‍ണായക ‘ത്യാഗം’ എന്നാണ് നോട്ടുനിരോധനത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ ഔദ്യോഗിക കണക്കുകൾ ഇതിന് വിരുദ്ധമായ ചിത്രമാണ് നൽകുന്നത്.
വ്യാജ നോട്ടുകളുടെ വ്യാപനം: നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വ്യാജ നോട്ടുകളുടെ പ്രചാരണം തടയുക എന്നതായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ (ആർ.ബി.ഐ) ഡാറ്റകള്‍ വ്യക്തമാക്കുന്നത് പുതിയ സീരീസിലുള്ള വ്യാജ നോട്ടുകളുടെ കണ്ടെത്തലും പിടിച്ചെടുക്കലും പിന്നീട് വ്യാപകമായി എന്നാണ്.
പണത്തിന്റെ ഉപയോഗം: യു.പി.ഐ (UPI) ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്ത് വലിയ തോതിൽ വളർന്നിട്ടുണ്ടെങ്കിലും, സാധാരണ സാമ്പത്തിക ഇടപാടുകളില്‍ പണത്തിന്റെ ഉപയോഗം ഇപ്പോഴും മുന്‍കാലങ്ങളിലേതിന് സമാനമായ രീതിയില്‍ തുടരുന്നു. നോട്ടുനിരോധനത്തിന് ശേഷം വിപണിയിലെ കറന്‍സിയുടെ അളവ് ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും, പിന്നീട് അത് വീണ്ടും വര്‍ധിച്ച് മുന്‍കാലങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കിലെത്തി.
കള്ളപ്പണത്തിന്റെ തിരോധാനം: നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ആര്‍ബിഐ പിന്നീട് വ്യക്തമാക്കുകയുണ്ടായി. എങ്കിൽ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച കള്ളപ്പണം എവിടെപ്പോയി എന്ന ചോദ്യം ഒരു ദശാബ്ദം പിന്നിടുമ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു.
സാമ്പത്തിക ലക്ഷ്യങ്ങൾക്കപ്പുറം, ഈ മാറ്റത്തിനായി രാജ്യം നല്‍കേണ്ടിവന്ന വില വളരെ വലുതായിരുന്നു. എല്ലുമുറിയെ പണിയെടുത്ത് ഉണ്ടാക്കിയ സ്വന്തം പണം മാറ്റിയെടുക്കാന്‍ മണിക്കൂറുകളോളം എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ ക്യൂ നിന്ന നൂറിലധികം മനുഷ്യരാണ് അക്കാലത്ത് കുഴഞ്ഞുവീണ് മരിച്ചത്.
വിവാഹങ്ങൾ മുടങ്ങി, തൊഴില്‍ തേടിയുള്ള വിദേശയാത്രകള്‍ തടസപ്പെട്ടു, പല ആശുപത്രികളിലും പണമില്ലാതെ ചികിത്സ മരവിച്ചു. കടുത്ത മാനസിക സമ്മര്‍ദത്തിലായ ബാങ്ക് ജീവനക്കാരുടെയും തകര്‍ന്നടിഞ്ഞ വ്യാപാര-വ്യവസായ മേഖലകളുടെയും ബാക്കിപത്രമാണ് ഈ ഒരു പതിറ്റാണ്ട് കാലം രാജ്യത്തിന് മുന്നിൽ അവശേഷിപ്പിക്കുന്നത്.


