ഓണ്‍ലൈനിലൂടെ 70-ഓളം പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി പീഡിപ്പിച്ചു : യുകെയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിക്ക് 30 വര്‍ഷം തടവ് ശിക്ഷ



     

ലണ്ടൻ : സോഷ്യല്‍ മീഡിയയിലൂടെയും ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രായപൂർത്തിയാകാത്ത എഴുപതോളം പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വലയിലാക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് യുകെയില്‍ 30 വർഷം തടവ് ശിക്ഷ.

ചെസ്റ്റർ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ ബിലാല്‍ കാസി (27) എന്നയാളെയാണ് ചെസ്റ്റർ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട 37 കുറ്റങ്ങള്‍ ഇയാള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.

ബർമിംഗ്ഹാമില്‍ താമസിച്ചിരുന്ന ബിലാല്‍ കാസി, സ്‌നാപ്ചാറ്റ് , റോബ്ലോക്സ് , വിങ്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നത്.
‘റീസ്’ എന്ന പേരിലുള്ള ഒരു ബ്രിട്ടീഷ് കൗമാരക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാളുടെ ഇടപെടലുകള്‍. ഇതിനായി മറ്റൊരു ആണ്‍കുട്ടിയുടെ ചിത്രങ്ങളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

10 മുതല്‍ 15 വയസ്സുവരെയുള്ള പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം, താനുമായി യഥാർത്ഥ പ്രണയത്തിലാണെന്ന് ഇവരെ വിശ്വസിപ്പിച്ചു. വിശ്വാസം നേടിയെടുത്ത ശേഷം കുട്ടികളുടെ നഗ്നചിത്രങ്ങളും ലൈംഗികചേഷ്ടകളുടെ വീഡിയോകളും ആവശ്യപ്പെടാൻ തുടങ്ങി. ഇതിന് വിസമ്മതിക്കുന്ന കുട്ടികളെ, അവർ നേരത്തെ അയച്ചുനല്‍കിയ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി.

2021 നവംബറില്‍ 13 വയസ്സുകാരിയായ ഒരു ഇര പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഈ ക്രൂരതകള്‍ പുറംലോകമറിഞ്ഞത്. സ്‌നാപ്ചാറ്റിലൂടെ പരിചയപ്പെട്ട ഇയാള്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ യുകെ വിട്ടുപോയിരുന്ന ബിലാല്‍ കാസിയെ, 2023 ജൂലൈയില്‍ തിരികെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.. ഇയാളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ 900-ത്തിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തു.

13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉള്‍പ്പെടെ ലൈംഗിക പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചതിന് 24 കേസുകളും, ഭീഷണിപ്പെടുത്തിയതിന് 6 കേസുകളും, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിർമ്മിച്ചതിന് 3 കേസുകളും ഉള്‍പ്പെടെ 37 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത കോടതി പ്രതിക്ക് 30 വർഷത്തെ കഠിനതടവ് വിധിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: