അടിവസ്ത്രത്തിനുള്ളിൽ 21,000 രൂപ; ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട മോഷ്ടാക്കളായ 2 യുവതികൾ പിടിയിൽ



         

ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്തുന്നതിനായി എത്തിയതാണെന്ന് സംശയിക്കപ്പെടുന്ന 2 തമിഴ്‌നാട് സ്വദേശിനികളെ പോലീസ് പിടികൂടി. ഭവാനി, അനു എന്നീ പേരുകളിൽ അറിയപ്പെടുന്ന തമിഴ്‌നാട് കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, ലക്ഷ്മി, പാർവതി എന്നീ പേരുകളിൽ അറിയപ്പെടുന്ന തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയിൽ കണ്ടെത്തി.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ യുവതികൾ ബസിൽ വച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി ടി ഷിന്റോയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഷിന്റോ റാന്നി ഡിവൈഎസ്പി ജി സന്തോഷ് കുമാറിനെ ഫോണിൽ വിവരം ധരിപ്പിച്ചു. ഡിവൈഎസ്പിയുടെ നിർദേശപ്രകാരം പോലീസ് സംഘം റാന്നി പോലീസ് സ്റ്റേഷനു മുന്നിൽ ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്റ്റേഷനിലെത്തിച്ച് വനിതാ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തിയത്. തുടർന്ന് പോലീസിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികളുടെ ഫോട്ടോകൾ പരിശോധിച്ച് തിരിച്ചറിയൽ ഉറപ്പുവരുത്തി. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: