കന്യാകുളങ്ങരയിൽ പോലീസുകാരന്റെ വീട്ടിലെ പട്ടാപ്പകൽ കവർച്ച: മൂന്ന് പ്രതികൾ പിടിയിൽ
വെമ്പായം കന്യാകുളങ്ങരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിലെ പ്രതികളെ പോലീസ് പിടികൂടി. ബ്രൂസ്ലി ബിജു, ബാറ്ററി നവാസ്, കള്ളൻ കുമാർ എന്നിവരാണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്.
കോവളത്ത് നിന്നുമാണ് ഇവരെ പിടികൂടിയത് ..അടുത്ത സമയത്താണ് ഇവർ ജയിൽ മോചിതരായത്
വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽ നിന്നാണ് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയും കവർന്നത്.
രണ്ട് ദിവസം മുമ്പ് രാവിലെ 8.30-നും വൈകുന്നേരം 3.30-നും ഇടയിലുള്ള സമയത്തായിരുന്നു സംഭവം. പതിവുപോലെ രാവിലെ വീട് പൂട്ടിയ ശേഷം ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും, മൂന്ന് കുട്ടികൾ സ്കൂളിലും പോയ സമയത്തായിരുന്നു മോഷ്ടാക്കൾ അകത്തുകടന്നത്.
വൈകുന്നേരം 3.30-ഓടെ ഭാര്യയും കുട്ടികളും തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. വീടിനകത്തെ സാധനസാമഗ്രികളെല്ലാം മോഷ്ടാക്കൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. തുടർന്ന് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെഞ്ഞാറമൂട് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.


