Headlines

ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 33 പോലിസ് ഏറ്റുമുട്ടലുകള്‍, 10 മരണങ്ങള്‍; എല്ലാറ്റിലും ഒരേ തിരക്കഥ’പ്രതി തോക്ക് തട്ടിയെടുത്തു, സ്വയരക്ഷയ്ക്ക് വെടിവെച്ചു





ന്യൂഡല്‍ഹി: 2025 നവംബറിനും 2026 നവംബറിനും ഇടയിലുള്ള ഒരു വര്‍ഷക്കാലയളവില്‍ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 33 പോലിസ് ഏറ്റുമുട്ടലുകളിലും പോലിസിന്റെ ഭാഷ്യം ഒരേ തിരക്കഥ പിന്തുടരുന്നതായി ‘ആള്‍ട്ട് ന്യൂസ്’ അന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന ഈ ഏറ്റുമുട്ടലുകളില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും, മറ്റുള്ളവര്‍ക്ക് കാലിന് വെടിയേല്‍ക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിനോ കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനോ (Crime scene reconstruction) വൈദ്യപരിശോധനയ്‌ക്കോ കൊണ്ടുപോകുന്നതിനിടെ, അല്ലെങ്കില്‍ മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്തുമ്പോള്‍, പ്രതി പോലിസുകാരന്റെ സര്‍വീസ് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും, തുടര്‍ന്ന് സ്വയരക്ഷയ്ക്കായി പോലിസ് തിരിച്ചു വെടിവെച്ചെന്നുമാണ് എല്ലാ കേസുകളിലും അധികൃതര്‍ നല്‍കുന്ന വിശദീകരണം,,.  ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തിലാണ് (ആറ് കേസുകള്‍); ഉത്തര്‍പ്രദേശില്‍ അഞ്ചും, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും കേസുകളുണ്ടായി. പ്രത്യേക പരിശീലനം ലഭിച്ച പോലിസ് ഉദ്യോഗസ്ഥരെ കീഴടക്കി പ്രതികള്‍ തുടര്‍ച്ചയായി തോക്ക് തട്ടിയെടുക്കുന്നു എന്ന വാദം ഏറ്റുമുട്ടലുകളെ ന്യായീകരിക്കാനുള്ള ‘സൈക്ലോസ്‌റ്റൈല്‍ഡ് പ്രതിരോധ തന്ത്രമായി’ (Cyclostyled defence strategy) മാറിയിരിക്കുകയാണെന്ന് അഭിഭാഷകന്‍ സബ്യസാചി ചാറ്റര്‍ജി ചൂണ്ടിക്കാട്ടി,. സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത പോലിസിന് എങ്ങനെയാണ് പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. വ്യാജ ഏറ്റുമുട്ടലുകളെ കോടതിക്ക് മുന്നിലും പൊതുസമൂഹത്തിന് മുന്നിലും നിയമവിധേയമാക്കാനുള്ള എളുപ്പവഴിയായി ‘തോക്ക് തട്ടിയെടുക്കല്‍’ കഥകള്‍ മാറിയെന്ന് മനുഷ്യാവകാശ സംഘടനയായ എപിഡിആറിലെ (APDR) രഞ്ജിത് സൂര്‍ വിമര്‍ശിച്ചു.  പോലീസ് ഏറ്റുമുട്ടലുകളില്‍ മരണം സംഭവിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം, സിഐഡിയോ മറ്റൊരു സ്റ്റേഷനിലെ സംഘമോ സ്വതന്ത്ര അന്വേഷണം നടത്തണം, മജിസ്റ്റീരിയല്‍ അന്വേഷണം വേണം, രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തണം, 48 മണിക്കൂറിനുള്ളില്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണം തുടങ്ങി 16 കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2014-ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, പല സംസ്ഥാനങ്ങളിലും ഈ നിയമങ്ങളും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിചാരണത്തടവുകാര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നതിലൂടെ നീതിയുക്തമായ വിചാരണയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുകയാണെന്നും, കൊല്ലപ്പെട്ടയാള്‍ യഥാര്‍ത്ഥത്തില്‍ കുറ്റവാളിയായിരുന്നോ അതോ ഭരണകൂട കൊലപാതകത്തിന്റെ ഇരയായിരുന്നോ എന്ന് കുടുംബത്തിന് പോലും അറിയാന്‍ കഴിയാതെ പോകുന്നുവെന്നും നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: