മമ്മൂട്ടിക്ക് ഓസ്ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. കാൻബറയിലെ ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൗസ് ഹാളിൽ നടന്നു.
ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ ആൻഡ്രൂ ചാൾട്ടൻ എം.പി പ്രകാശനം ചെയ്തു.ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ എം.പി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പറഞ്ഞു.
മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് ആൻഡ്രൂ ചാൾട്ടൻ കൂട്ടിച്ചേർത്തു.താൻ വളർന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു.
