കുമരനല്ലൂർ: മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നൽകി നന്മ നിറഞ്ഞമോഷ്ടാവ്.കുമരനല്ലൂരിലാണ് വീട്ടുകാരേയും നാട്ടുകാരേയും അൽഭുതപ്പെടുത്തിയ സംഭവം. കുമരനല്ലൂർ ഏ.ജെ.ബി സ്കൂളിന് സമീപം താമസിക്കുന്ന മുൻട്രോട്ട് കുഞ്ഞാന്റെ വീട്ടിൽ നിന്നും കഴിഞ്ഞ 19നാണ് മൂന്ന് വയസ്സുകാരിയുടെ മാല നഷ്ടപ്പെട്ടത്.രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം ഒന്നേകാൽ പവൻ തൂക്കം വരുന്ന മാല കഴുത്തിൽ ഉണ്ടായിരുന്നു.ഇതിനിടെ വീട്ടുകാർ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചു വന്നു നോക്കിയപ്പോൾ മാല നഷ്ടമായിരുന്നു.വീട്ടുകാർ പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു.ഇതിനിടെയാണ് ഏതാനും ദിവസത്തിനിശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകിൽ അടുക്കളക്ക് സമീപത്ത് വെച്ച് സ്ഥലം വിട്ടത്. വീട്ടുകാർ ഉച്ചക്ക് വിശ്രമിക്കുന്ന സമയത്താണ് മോഷ്ടാവ് പണവും കുറിപ്പും കൊണ്ടുവന്ന് വെച്ചത്.മാല എടുത്ത് വിറ്റു പോയെന്നും നിങ്ങൾ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാൽ മാപ്പാക്കണമന്നുമുള്ള ക്ഷമാപണത്തോടെയാണ് കുറിപ്പ്. ഒരു പവനിൽ അധികം തൂക്കം ഉണ്ടായിരുന്ന മാലയുടെ പണം പൂർണ്ണമായും മോഷ്ടാവ് തിരികെ എത്തിച്ചതിൽ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി.പണമാണെങ്കിലും തിരികെ ലഭിച്ചതിൽ സന്തോഷത്തിലാണ് ഉടമസ്ഥർ.


