തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കരിമഠം കോളനി സ്വദേശി സുരേഷിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കരിമഠം കോളനി സ്വദേശി ഷമീർ നിലവിൽ ഒളിവിലാണ്.
തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ എസ്പി ഫോർട്ട് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. രാത്രികാലങ്ങളിൽ തോട്ടിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ നഗരസഭ നിയോഗിച്ച ജീവനക്കാരായ കരമന മുണ്ടപ്ലാവില സ്വദേശി എസ്.ആർ. സുരേഷ്, രാഹുൽ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
അറസ്റ്റിലായ സുരേഷ് മുൻപും സമാനമായ കേസിൽ പ്രതിയായിട്ടുണ്ട്. 2025-ൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിന് രാഹുലിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ആക്രമണത്തിൽ പരിക്കേറ്റ സുരേഷിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തകരപ്പറമ്പിന് സമീപം ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ഓട്ടോറിക്ഷയിലെത്തിയ രണ്ടംഗ സംഘം മാലിന്യം തള്ളുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ജീവനക്കാർ ഇവരെ പിന്തുടർന്നപ്പോൾ പ്രതികൾ സമീപത്തെ ചില കടകളിൽ നിന്ന് വീണ്ടും മാലിന്യം ശേഖരിച്ച് തോട്ടിൽ തള്ളാൻ കൊണ്ടുപോകുന്നത് കണ്ടു. ഉടൻ തന്നെ ജീവനക്കാർ ബൈക്കിലെത്തി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ ഓട്ടോറിക്ഷ ബൈക്കിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയിൽ സുരേഷും രാഹുലും വശങ്ങളിലേക്ക് തെറിച്ചുവീണു. തുടർന്ന് വീണുകിടന്ന ബൈക്കിന് മുകളിലൂടെ ഓട്ടോറിക്ഷ കയറ്റിയിറക്കുകയും ജീവനക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം പ്രതികൾ കടന്നുകളഞ്ഞു.
ആക്രമണത്തിന് ശേഷവും പ്രതികൾ നഗരസഭയിലെ മറ്റൊരു ജീവനക്കാരനെ ഫോണിൽ വിളിച്ച് അടുത്ത ഊഴം തന്റേതാണെന്ന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുരേഷിനെ തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ് സന്ദർശിച്ചു. സംഭവത്തിൽ കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. ഒളിവിലുള്ള രണ്ടാം പ്രതിക്കായി ഫോർട്ട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


