മരുന്ന് മാറി ഫോർമാലിൻ കുത്തി വച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ എയിംസ് ആശുപത്രിയില്‍ നഴ്‌സിന്റെ ഗുരുതരമായ പിഴവിനെ തുടർന്ന് രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു

മരുന്നിന് പകരം മൃതദേഹങ്ങളും ബയോപ്‌സി സാമ്പിളുകളും കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന അതീവ വിഷാംശമുള്ള രാസവസ്തുവായ ‘ഫോർമാലിൻ’ കുട്ടിയുടെ ശരീരത്തിലേക്ക് കുത്തിവെച്ചതാണ് മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്. 2025 ഡിസംബറിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ വീഴ്ച വരുത്തിയ നഴ്‌സുമാർക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്തു. സഗർ സ്വദേശിയായ സിദ്ധാർഥ് യാദവിന്റെ മകൻ സാർഥക് യാദവ് ആണ് മരിച്ചത്.

രക്താർബുദം ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായിരുന്ന സാർഥകിനെ 2025 ഡിസംബർ 15-നാണ് എയിംസിലെ പീഡിയാട്രിക് വാർഡില്‍ പ്രവേശിപ്പിച്ചത്. ഡിസംബർ 17-ന് രാവിലെ കുട്ടിയുടെ ഐവി ലൈനില്‍ തടസം നേരിട്ടു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് ഓഫീസർ, വാർഡില്‍ ഇരുന്ന ‘എഫ്’ എന്ന് അടയാളപ്പെടുത്തിയ ഒരു സിറിഞ്ച് എടുത്ത് കൃത്യമായ പരിശോധനകള്‍ നടത്താതെ കുട്ടിയുടെ ഐവി ബോട്ടിലിലേക്ക് ഇഞ്ചക്‌ട് ചെയ്യുകയായിരുന്നു

താൻ നഴ്‌സിനെ തടയാൻ ശ്രമിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് സിദ്ധാർഥ് യാദവ് പറയുന്നു. താൻ മൂന്ന് തവണ അവരെ തടയാൻ നോക്കിയെന്നും എന്നാല്‍ താനാണോ അതോ നിങ്ങളാണോ ഇവിടുത്തെ ഡോക്ടർ എന്നായിരുന്നു അവരുടെ ചോദ്യം. മരുന്ന് കുത്തിവെച്ചതിന് തൊട്ടുപിന്നാലെ മകന്റെ ബോധം നഷ്ടപ്പെട്ടുവെന്നും പിതാവ് ആരോപിച്ചു.

രാസവസ്തു ഉള്ളില്‍ച്ചെന്ന് മിനിറ്റുകള്‍ക്കകം കുട്ടിയുടെ നില വഷളാവുകയും തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഡോക്ടർമാർ സിപിആർ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 8:45-ഓടെ കുട്ടി മരണത്തിന് കീഴടങ്ങി. സംഭവം പുറത്തായതോടെ തെളിവ് നശിപ്പിക്കാൻ ആശുപത്രി അധികൃതർ ഐവി ബോട്ടില്‍ പിടിച്ചെടുക്കാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നുണ്ട്.

ആശുപത്രി അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ നഴ്‌സുമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ബയോപ്‌സി സാമ്പിള്‍ സൂക്ഷിക്കാൻ സിറിഞ്ചില്‍ എടുത്തു വെച്ചിരുന്ന ഫോർമാലിൻ വാർഡില്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് ദുരന്തത്തിന് വഴിവെച്ചത്.

കുട്ടിക്ക് രാസവസ്തു കുത്തിവെച്ച നഴ്‌സിങ് ഓഫീസർ മധുബാല ശർമ, ഫോർമാലിൻ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട നഴ്‌സിങ് ഓഫീസർ അനുഗ ഗുജറാത്തി എന്നിവരാണ് പ്രതികള്‍. രണ്ട് നഴ്‌സുമാരെയും എയിംസ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഭോപ്പാല്‍ ബഗ്‌സേവാനിയ നഴ്‌സുമാർക്കെതിരെ കേസെടുത്തു. അശ്രദ്ധ മൂലം മരണത്തിന് കാരണമായതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം മധുബാല ശർമയ്‌ക്കെതിരെയും, അപകടകരമായ രാസവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് സെക്ഷൻ 286 പ്രകാരം അനുഗ ഗുജറാത്തിക്കെതിരെയുമാണ് കേസ്. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: