ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വിലവർധന കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് വ്യോമയാന മന്ത്രാലയത്തോട് അടിയന്തര സഹായം അഭ്യർത്ഥിച്ചു. നിലവിലെ പ്രതിസന്ധി വ്യോമയാന വ്യവസായത്തെ തകർച്ചയുടെ വക്കിലെത്തിച്ചതായും അതു മറികടക്കാൻ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും കേന്ദ്രത്തിനയച്ച കത്തിൽ ഫെഡറേഷൻ അറിയിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതും ഹോർമുസ് ഉപരോധവും വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന എയർലൈൻസ് ഫെഡറേഷൻ കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ചത്.
വിമാനക്കമ്പനിയുടെ ആകെ ചെലവിന്റെ 40 ശതമാനത്തോളം വിമാന ഇന്ധനത്തിനായുള്ളതാണ്. ഇന്ധനവിലയിലുണ്ടാകുന്ന ക്രമാതീതമായ വർധനവ് സർവീസുകൾ റദ്ദ് ചെയ്യുന്നതിലേക്കും നിർത്തിവെക്കുന്നതിലേക്കും വഴിയൊരുക്കുമെന്നാണ് ഫെഡറേഷന്റെ കത്തിൽ പറയുന്നത്.
മുൻകാലങ്ങളിലുണ്ടായിരുന്ന ‘ക്രാക് ബാൻഡ്’ സംവിധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. ആഭ്യന്തര – അന്തർദേശീയ വിമാനസർവീസുകൾക്ക് ഏകീകൃത ഇന്ധനവില നിർണയിക്കുന്ന സംവിധാനമാണ് ‘ക്രാക് ബാൻഡ്’. ഒപ്പം ഇന്ധനത്തിന് മേൽ ചുമത്തിയിരിക്കുന്ന 11 ശതമാനം എക്സൈസ് ഡ്യൂട്ടികൂടെ താൽക്കാലികമായി ഒഴിവാക്കി നൽകാനും അഭ്യർഥനയുണ്ട്.
നിലവിൽ അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധനവില ലിറ്ററിന് 73 രൂപയായി വർധിച്ചിട്ടുണ്ട്. ഇതോടെ സർവീസുകൾ പൂർണമായും നിർത്തിവെക്കേണ്ട സാഹചര്യമാണെന്നാണ് വിമാനക്കമ്പനികൾ അറിയിക്കുന്നത്. അതിനൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടുവുണ്ടായതും വിമാനക്കമ്പനികളെ വെട്ടിലാക്കിയിരിക്കുകയാണ്. ഹോർമുസിലുണ്ടായിരിക്കുന്ന യുദ്ധസാഹചര്യമാണ് ഇന്ധനവിലയിൽ ക്രമാതീതമായ വർധനയുണ്ടാക്കിയിരിക്കുന്നത്.

