Headlines

പ്രസവശേഷം അയണ്‍ ഗുളികയ്ക്ക് പകരം പ്രമേഹ മരുന്ന് നല്‍കി; കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയെന്ന പരാതിയുമായി ദമ്പതികള്‍. പ്രസവശേഷം കഴിക്കേണ്ട അയണ്‍ ഗുളികകള്‍ക്ക് പകരം പ്രമേഹ രോഗികള്‍ക്കുള്ള മരുന്നാണ് ആശുപത്രി ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്. സംഭവത്തില്‍ വൈക്കം സ്വദേശികളായ ദമ്പതികള്‍ ആശുപത്രി സൂപ്രണ്ടിനും പോലിസിനും പരാതി നല്‍കി. വൈക്കം സ്വദേശിനിയായ ഷൈനി മെയ് 10നാണ് പ്രസവിച്ചത്. തുടര്‍ന്ന് മെയ് 22ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പ്രസവാനന്തര ചികില്‍സയുടെ ഭാഗമായി മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് നല്‍കിയിരുന്നു. 24 ദിവസത്തോളം മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഷൈനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. പിന്നീട് മറ്റൊരു ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് അയണ്‍ ഗുളികകള്‍ക്ക് പകരം പ്രമേഹത്തിനുള്ള മരുന്നുകളാണ് നല്‍കിയതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഷൈനിയുടെ ഭര്‍ത്താവ് സനീഷ് ആശുപത്രി സൂപ്രണ്ടിനും ഗാന്ധിനഗര്‍ പോലിസിലും പരാതി നല്‍കി. തങ്ങള്‍ക്ക് സംഭവിച്ച ദുരനുഭവം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പരാതിയില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവത്തിന്റെ യാഥാര്‍ഥ്യം അന്വേഷിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: