Headlines

പ്രണയത്തിൽ നിന്നും പിൻമാറാൻ തയ്യാറായില്ല; പതിനേഴുകാരിയായ മകളെ കുഴിച്ചുമൂടി പിതാവ്

ബംഗളൂരു: ശക്തമായി എതിർത്തിട്ടും പ്രണയത്തിൽ നിന്ന് പിൻമാറാൻ തയാറാകാഞ്ഞതോടെ പതിനേഴുകാരിയായ മകളെ കൊന്ന് കുഴിച്ചുമൂടി പിതാവ്. കർണാടകയിലെ തുമകൂരു ജില്ലയിൽ ശിര താലൂക്കിലെ ലിങ്കമരദഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുരഭിമാന കൊല നടത്തിയ പെൺകുട്ടിയുടെ പിതാവ് 48 കാരനായ തിമ്മരായപ്പയെ കല്ലംബെല്ല പൊലീസ് അറസ്റ്റ് ചെയ്തു.

മാതാവിന്റെ ബന്ധുവായ യുവാവുമായി മേഘ്ന എന്ന പതിനേഴുകാരി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ തിമ്മരായപ്പ ശക്തമായി എതിർക്കുകയും ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ പതിവാകുകയും ചെയ്തിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറാൻ മകൾ തയ്യാറാകാത്തതിനെത്തുടർന്ന് കഴിഞ്ഞ മാസം 16നാണ് പ്രതി കൊലപാതകം നടത്തിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ മൃതദേഹം സ്വന്തം തോട്ടത്തിനടുത്തുള്ള കിടങ്ങിൽ കുഴിച്ചുമൂടുകയായിരുന്നു.

തുടർന്ന് മകളെ കാണാനില്ലെന്ന് വരുത്തിത്തീർക്കാൻ ഒന്നും അറിയാത്ത ഭാവത്തിൽ തിമ്മരായപ്പ തന്നെ കല്ലംബെല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാളുടെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെ ഭയന്ന് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മകളെ കൊന്ന് കുഴിച്ചുമൂടിയ വിവരം പ്രതി സമ്മതിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: