കോഴിക്കോട് :ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ പുലർച്ചെ നാലോടെയായിരുന്നു അന്ത്യം.
അസുഖബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക രംഗത്ത് സജീവമായിരുന്ന സാവിത്രി ശ്രീധരൻ പിന്നീട് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി.
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില്‍ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ഡാകിനി’ (2018), ‘വൈറസ്’ (2019) എന്നിവയാണ് സാവിത്രി ശ്രീധരന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. നാടക വേദിയിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സാവിത്രി ശ്രീധരന്റെ നിര്യാണത്തില്‍ സിനിമാ-നാടക രംഗത്തുള്ളവർ അനുശോചനം രേഖപ്പെടുത്തി


