കര്‍ണാടക : കാവേരി നദിയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി വീണ് ഒരേ കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.
ബെംഗളൂരുവില്‍ നിന്ന് മണ്ഡ്യയിലെ മുത്തത്തി വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ താലൂക്കിലെ ജഗദപുര ഗ്രാമവാസികളായ വിജയമ്മ (52), മകള്‍ പ്രിയങ്ക, ശ്വേത (38), മകള്‍ ചൈത്ര (20), കാര്‍ ഡ്രൈവറായ ബെംഗളൂരു സ്വദേശി മഹേഷ് (30) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനത്തിനും വിനോദയാത്രയ്ക്കുമായി എത്തിയതായിരുന്നു ഇവര്‍.
കബ്ബാലു ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കും മറ്റ് ചടങ്ങുകള്‍ക്കുമായി എത്തിയതായിരുന്നു കുടുംബം. കാവേരി നദിയുടെ തീരത്ത് എത്തിയ സംഘം നദിയില്‍ വെള്ളം കുറവാണെന്ന് കണ്ട് ഫോട്ടോ എടുക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍വഴുതി നദിയിലെ ശക്തമായ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു.
ആദ്യം വിജയമ്മയാണ് കാല്‍വഴുതി വെള്ളത്തിലേക്ക് വീണതെന്ന് ജില്ല പോലിസ് സൂപ്രണ്ട് വി ജെ ശോഭ റാണി വ്യക്തമാക്കി. ഇവരെ രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് സ്ത്രീകളും വെള്ളത്തിലേക്ക് ഇറങ്ങി. എന്നാല്‍ നദിയിലെ അടിയൊഴുക്ക് ശക്തമായിരുന്നതിനാല്‍ ഇവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. സ്ത്രീകളെല്ലാവരും മുങ്ങിത്താഴുന്നത് കണ്ട് ഇവരെ രക്ഷിക്കാനായി കാര്‍ ഡ്രൈവറായ മഹേഷും നദിയിലേക്ക് എടുത്തുചാടി. എന്നാല്‍ അഞ്ച് പേരും ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു.


