വർക്കലയിലെ കെഎഫ്സി ഔട്ട്‌ലെറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വൻതോതില്‍ കേടായ ചിക്കൻ പിടിച്ചെടുത്തു.
ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 96 പാക്കറ്റ് പഴകിയ ചിക്കനാണ് ഉദ്യോഗസ്ഥർ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഔട്ട്‌ലെറ്റില്‍ പരിശോധന നടത്തിയത്. തുടർന്നാണ് ആരോഗ്യത്തിന് അതീവ ഹാനികരമായ രീതിയില്‍ സൂക്ഷിച്ചിരുന്ന കേടായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിലാണ് പാചകപ്പുരക്കകത്ത് വൃത്തിഹീനമായ സ്ഥലത്ത് കോഴിയുടെ മാംസം നിലത്ത് രക്തത്തോട് കിടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇന്ന് നിരവധി ഓഫറുകള്‍ ആണ് സ്ഥാപന ഉടമകള്‍ പരസ്യം ചെയ്തിരുന്നത്. നിരവധി സഞ്ചാരികള്‍ ഈ സ്ഥാപനത്തില്‍ ഭക്ഷണം വാങ്ങാൻ എത്തിയിരുന്നു.
സംഭവത്തെ തുടർന്ന് ശക്തമായ തുടർനടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. പരിശോധനയില്‍ പിടിച്ചെടുത്ത കേടായ ചിക്കൻ പൂർണ്ണമായും നശിപ്പിച്ചു കളയുന്നതിനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനത്തിനെതിരെ നിയമപരമായ കർശന തുടർനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
എല്ലാ ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലാവധി കഴിഞ്ഞതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു.
വര്‍ക്കല കെഎഫ്സി ഔട്ട്‌ലെറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 96 പാക്കറ്റ് കേടായ ചിക്കൻ പിടിച്ചെടുത്തു; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

