Headlines

‘ഒരു മജിസ്ട്രേറ്റിന് എങ്ങനെ ഇത് ചെയ്യാന്‍ ധൈര്യം?’; സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിക്ക് നോട്ടിസ് നല്‍കിയ സംഭവത്തില്‍ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം





ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാരോപിച്ച് ഗൗതം ബുദ്ധ സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥിക്ക് നോട്ടിസ് നല്‍കിയ സംഭവത്തില്‍ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രിംകോടതി നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കരുതെന്ന് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ, ഗ്രേറ്റര്‍ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടീസ് നല്‍കിയതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

‘ഒരു മജിസ്ട്രേറ്റിന് എങ്ങനെ നോട്ടീസ് നല്‍കാന്‍ ധൈര്യം വന്നു? വിദ്യാര്‍ഥികള്‍ക്കെതിരെ നിര്‍ബന്ധിത നടപടി പാടില്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞതാണ്. ഒരു മജിസ്ട്രേറ്റിനും ആ ഉത്തരവ് ലംഘിക്കാനാവില്ല” എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ രൂക്ഷമായ പ്രതികരണം.

ഗൗതം ബുദ്ധ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ നിയമവിദ്യാര്‍ഥിയായ അക്ഷത് ത്രിപാഠിക്കാണ് ഗ്രേറ്റര്‍ നോയിഡയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടിസ് നല്‍കിയത്. സെപ്റ്റംബര്‍ 4ന് നല്‍കിയ നോട്ടിസ് പിന്നീട് പിന്‍വലിച്ചെങ്കിലും, സുപ്രീംകോടതി ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു.


എന്തായിരുന്നു വിദ്യാര്‍ഥിക്കെതിരായ ആരോപണം?

ജന്തര്‍മന്ദറില്‍ നടന്ന കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതൃത്വത്തിലുള്ള വിദ്യാര്‍ഥി പ്രതിഷേധത്തില്‍ അക്ഷത് ത്രിപാഠി പങ്കെടുത്തിരുന്നു. സര്‍വകലാശാലയിലെ മറ്റ് വിദ്യാര്‍ഥികളെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയും സര്‍ക്കാരിനെതിരായ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പോലിസിന്റെ ആരോപണം.


ഇതിന്റെ അടിസ്ഥാനത്തില്‍ ബിഎന്‍എസ്എസിലെ പ്രതിരോധ നടപടികള്‍ സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നടപടി ആരംഭിച്ചു. ആറ് മാസത്തേക്ക് സമാധാനം നിലനിര്‍ത്തുമെന്ന് ഉറപ്പാക്കുന്നതിനായി അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയ്ക്കുള്ള രണ്ട് ജാമ്യക്കാരെയും നല്‍കേണ്ടിവരുമെന്ന തരത്തിലുള്ള നോട്ടിസായിരുന്നു നല്‍കിയത്.

എന്നാല്‍ പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ നോട്ടിസിന്റെ അടിസ്ഥാനമായ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നോട്ടിസ് പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പോലിസിന്റെ ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സര്‍വകലാശാലാ കാംപസില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന തരത്തില്‍ അക്ഷത് പ്രവര്‍ത്തിച്ചുവെന്നത്.

എന്നാല്‍ അക്ഷത് നല്‍കിയ വിശദീകരണം ഇതിന് വിരുദ്ധമായിരുന്നു. മേയ് 25 മുതല്‍ മൂന്ന് മാസത്തെ സെമസ്റ്റര്‍ അവധിയിലായിരുന്ന താന്‍ സര്‍വകലാശാലാ കാംപസിലുണ്ടായിരുന്നില്ലെന്നും, ആരോപിക്കപ്പെട്ട കാലയളവില്‍ പ്രയാഗ്രാജിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 20ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ താന്‍ സമാധാനപരമായി പങ്കെടുത്തിരുന്നുവെന്ന് അക്ഷത് സമ്മതിച്ചെങ്കിലും, കാംപസില്‍ വിദ്യാര്‍ഥികളെ പ്രതിഷേധത്തിലേക്ക് പ്രേരിപ്പിച്ചെന്ന ആരോപണം എങ്ങനെ ഉന്നയിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

ജൂലൈ 20 മുതല്‍ 25 വരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ സുപ്രീംകോടതി പ്രത്യേക ഭരണഘടനാപരമായ അധികാരമായ ആര്‍ട്ടിക്കിള്‍ 142 ഉപയോഗിച്ച് അവസാനിപ്പിച്ചിരുന്നു.

അതോടൊപ്പം, അതേ സംഭവങ്ങളുമായി ബന്ധപ്പെട്ട് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തത് മാത്രം ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നിലവിലിരിക്കെയാണ് അക്ഷത് ത്രിപാഠിക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നോട്ടീസ് ലഭിച്ചത്.


‘വിദ്യാര്‍ഥികളില്‍ ഭീതിയുണ്ടാക്കാനുള്ള പരീക്ഷണം’

മുതിര്‍ന്ന അഭിഭാഷകന്‍ ബിശ്വജിത് ഭട്ടാചാര്യ ആയിരുന്നു വിദ്യാര്‍ഥിക്ക് നോട്ടീസ് നല്‍കിയ കാര്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ഇത് ‘ഇന്ത്യയിലെ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള ഒരു പരീക്ഷണമാണ്’ എന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. നോയിഡയിലെയും ഉത്തര്‍പ്രദേശിലെയും അധികാരികള്‍ക്ക് വിദ്യാര്‍ഥികളില്‍ ഭീതിയുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ടീസ് പിന്നീട് പിന്‍വലിച്ചെങ്കിലും, സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമായി നടപടി സ്വീകരിച്ചതിനാല്‍ ഇത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരാമെന്നും അഭിഭാഷകന്‍ വാദിച്ചു.

നോട്ടിസ് ഇതിനകം പിന്‍വലിച്ച സാഹചര്യത്തില്‍ ഇനി എന്താണ് നടപടിയുടെ പ്രസക്തിയെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചോദിച്ചു.

എന്നാല്‍ സുപ്രിംകോടതിയുടെ ഉത്തരവ് ലംഘിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും നോട്ടിസ് പിന്‍വലിച്ചതുകൊണ്ട് അതിന്റെ ഗൗരവം ഇല്ലാതാകില്ലെന്നും ഭട്ടാചാര്യ വാദിച്ചു.

തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വസ്തുതകളും കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അഭിഭാഷകനോട് നിര്‍ദേശിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ബന്ധപ്പെട്ട മജിസ്ട്രേറ്റില്‍ നിന്ന് വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി.


ഗൗതം ബുദ്ധ നഗര്‍ ഭരണകൂടത്തിനെതിരെ നേരത്തെയും വിമര്‍ശനം

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നതും ശ്രദ്ധേയമാണ്. ഗൗതം ബുദ്ധ നഗര്‍ ഭരണകൂടത്തിന്റെ നടപടികളെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അലഹബാദ് ഹൈക്കോടതിയും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

വിദ്യാര്‍ഥി പ്രവര്‍ത്തക അകൃതി ചൗധരിക്കെതിരായ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയ കോടതി, ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ശമ്പളത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഈടാക്കി അകൃതിക്ക് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിരുന്നു.

പോലിസ് രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച കോടതി, അകൃതി കലാപത്തിനോ അക്രമത്തിനോ പൊതുമുതല്‍ നശിപ്പിക്കലിനോ ആളുകളെ പ്രേരിപ്പിച്ചതായി തെളിയിക്കുന്ന മതിയായ തെളിവുകള്‍ കണ്ടെത്തിയില്ലെന്നും വ്യക്തമാക്കിയിരുന്നു.


ഭരണകൂടത്തിന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്

അക്ഷത് ത്രിപാഠിക്ക് നല്‍കിയ നോട്ടിസ് പിന്‍വലിച്ചെങ്കിലും, സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവിന് താഴെത്തട്ടിലുള്ള ഒരു എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.

‘ഞങ്ങളുടെ ഉത്തരവ് വളരെ വ്യക്തമായിരുന്നു. ഒരു സാധാരണ വ്യക്തിക്ക് പോലും അതിന്റെ അര്‍ഥം മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ വ്യക്തമായ ഉത്തരവിന് ശേഷവും ഒരു എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് ഇത്തരമൊരു നോട്ടിസ് നല്‍കിയത്?” എന്ന നിലയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തില്‍ പ്രതികരിച്ചത്.

സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് വിശദീകരണം തേടാനുള്ള സുപ്രീംകോടതിയുടെ തീരുമാനം, പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ അവകാശങ്ങളും ഭരണകൂടത്തിന്റെ പ്രതിരോധ നടപടികളുടെ പരിധിയും സംബന്ധിച്ച നിര്‍ണായക നിയമപ്രശ്‌നത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: