തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും സംഘടനകളുടേയും കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം തടയാന്‍ ആരോഗ്യ വകുപ്പ്. സാമൂഹ്യസേവനത്തിന് കൊടി എന്തിനാണെന്നും, കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണവിതരണം നടത്താമെന്നും ആരോഗ്യ മന്ത്രി കെ.മുരളീധരന് പറഞ്ഞു.
പല ആളുകളും ബാനര്‍ കെട്ടി ഭക്ഷണം കൊടുക്കുന്നുണ്ട്. ബാനര്‍ കെട്ടി കൊടുക്കാന്‍ പാടില്ല. കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും ഭക്ഷണം അവിടെ കൊണ്ട് ഏല്‍പ്പിക്കാം. പക്ഷേ ബാനറോ കൊടിയോ ഒന്നും പാടില്ല. കൊടി കെട്ടേണ്ട സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രികള്‍- അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ മാത്രം തുടങ്ങുന്ന ഒരു പരീക്ഷണമാണെന്നും മറ്റ് സ്ഥലങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ ആണെങ്കിലും സേവാ ഭാരതി ആണെങ്കിലും യൂത്ത് കോണ്‍ഗ്രസ് ആണെങ്കിലും ഭക്ഷണം കൊടുക്കാം. ആശുപത്രി കോംപൗണ്ടിനകത്ത് കൊടിയും പാര്‍ട്ടി പേരും വച്ച് കൊടുക്കുന്നത് ശരിയല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജന സേവനമാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയുള്ളവര്‍ കൊടിവെക്കുന്നത് എന്തിനാ. കമ്യൂണിറ്റി കിച്ചണില്‍ ആര്‍ക്കും കൊടുക്കാം – അദ്ദേഹം പറഞ്ഞു.
ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. കൊടിയുടെ നിറം നോക്കി അല്ല ഭക്ഷണം കൊടുക്കുന്നതെന്നും വി വസീഫ് പ്രതികരിച്ചു.


