അമ്മയ്ക്ക് ചീത്തവിളിക്കുന്നത് നിയമപരമായി അശ്ലീലമല്ല, പക്ഷേ ആക്രമിച്ചാല്‍ ; സുപ്രീം കോടതി


        

ന്യൂഡൽഹി : ഭൂമി തർക്കത്തിനിടെ അപകീർത്തികരവും മോശവുമായ വാക്കുകള്‍ ഉപയോഗിച്ച കേസില്‍ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.

ഒരു ഭൂമി തർക്കത്തിനിടെ മണി എന്ന വ്യക്തി എതിരാളികള്‍ക്കെതിരെ അങ്ങേയറ്റം അപകീർത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനാണ് നേരത്തെ നിയമനടപടി നേരിട്ടത്. എന്നാല്‍ ഇത്തരം മോശം പദപ്രയോഗങ്ങള്‍ അശ്ലീല വാക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. കേസില്‍ പ്രതിയായ വ്യക്തി സമർപ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

തർക്കത്തിനിടയില്‍ ദേഷ്യം കാരണം പരസ്പരം ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതും നിയമപരമായ അശ്ലീലതയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയുടെ ശിക്ഷയില്‍ ഭാഗികമായ ഇളവ് അനുവദിച്ചത്. ഒരു പ്രയോഗം നിയമപരമായി അശ്ലീലമാകണമെങ്കില്‍ അത് ആർക്കെങ്കിലും മോശമായ തരത്തിലുള്ള വികാരമോ ലൈംഗികമായ ഉത്തേജനമോ ഉണ്ടാക്കുന്നതായിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. അതിനാല്‍ ഇയാള്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയെന്ന വകുപ്പ് പ്രകാരമുള്ള ശിക്ഷ കോടതി റദ്ദാക്കി.

തമിഴ്‌നാട്ടില്‍ വർഷങ്ങള്‍ക്ക് മുൻപ് നടന്ന ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഇടപെടല്‍. 2017 ഓഗസ്റ്റില്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നടന്ന കാർഷിക ഭൂമി തർക്കത്തില്‍ നിന്നാണ് ഈ കേസിന്റെ തുടക്കം. പ്രോസിക്യൂഷൻ രേഖകള്‍ പ്രകാരം, ഭൂമി പ്രശ്‌നത്തെച്ചൊല്ലി പ്രതിയായ മണിയും പരാതിക്കാരന്റെ സഹോദരീഭർത്താവും തമ്മിലാണ് ആദ്യം തർക്കമുണ്ടായത്. രണ്ട് ദിവസത്തിന് ശേഷം ഇതേ തർക്കത്തിന്റെ പേരില്‍ മണി പരാതിക്കാരന്റെ അനന്തരവനുമായി വീണ്ടും സംഘർഷത്തിലേർപ്പെട്ടു.

ഈ സമയം പ്രശ്നം പരിഹരിക്കാൻ പരാതിക്കാരൻ ഇടപെട്ടപ്പോഴാണ് സംഘർഷം രൂക്ഷമായത്. മണി ഇയാള്‍ക്കെതിരെ അസഭ്യവർഷവും ജാതി അധിക്ഷേപവും നടത്തുകയും, തുടർന്ന് വീട്ടില്‍ നിന്ന് കത്തി പോലുള്ള മൂർച്ചയുള്ള ആയുധം കൊണ്ടുവന്ന് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ പരാതിക്കാരന്റെ നെറ്റിയിലും തള്ളവിരലിലും പരിക്കേറ്റിരുന്നു. പിന്നീട് നടത്തിയ സിടി സ്കാനിലാണ് ഇയാളുടെ മൂക്കിന്റെ അസ്ഥിക്ക് ഗുരുതരമായ ഒടിവുണ്ടായതായി സ്ഥിരീകരിച്ചത്.

അസഭ്യം പറഞ്ഞെന്ന വകുപ്പ് പ്രകാരമുള്ള ശിക്ഷ കോടതി റദ്ദാക്കിയെങ്കിലും, ആയുധം ഉപയോഗിച്ച്‌ പരാതിക്കാരനെ ശാരീരികമായി ആക്രമിച്ച്‌ ഗുരുതരമായ പരിക്കേല്‍പ്പിച്ചതിന് മണിക്കുള്ള ശിക്ഷ കോടതി ശരിവച്ചു. പ്രതിയുടെ മുൻകാല ചരിത്രവും സാഹചര്യങ്ങളും പരിഗണിച്ച്‌ അദ്ദേഹത്തിന്റെ ജയില്‍ ശിക്ഷ കോടതി പിരിയുന്നതുവരെ ആയി കോടതി കുറച്ചു. ഒപ്പം 50,000 രൂപ പിഴയും ചുമത്തി. ഈ തുക ആക്രമണത്തിന് ഇരയായ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (b) (അശ്ലീലം), 326 (ഗുരുതരമായ മുറിവേല്‍പ്പിക്കല്‍), 506 (ii) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിചാരണ കോടതി മണിയെ ശിക്ഷിച്ചത്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ കൂടി ചേർത്താണ് മദ്രാസ് ഹൈക്കോടതി മണിയെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ എസ്‌സി/എസ്ടി ആക്‌ട് കുറ്റങ്ങളില്‍ നിന്ന് മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ഐപിസിയിലെ ശിക്ഷ നിലനിർത്തുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: