ന്യൂയോർക്ക്: ഐവറി കോസ്റ്റിനെ 2-1ന് കീഴടക്കി നോർവേ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക്. അവസാന നിമിഷങ്ങളിൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ട് നേടിയ നിർണായക ഗോളിലാണ് നോർവെയ്ക്ക് ഗുണകരമായത്. 86-ാം മിനിറ്റിൽ പിറന്ന ഹാളണ്ടിന്റെ വിജയഗോളാണ് നോർവേയ്ക്ക് നോക്കൗട്ട് ടിക്കറ്റ് സമ്മാനിച്ചത്. അടുത്ത ഘട്ടത്തിൽ ബ്രസീലിനെയാണ് നോർവേ നേരിടുക
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോളാണ് ഇരു ടീമുകളും പുറത്തെടുത്തത്. ആദ്യഘട്ടത്തിൽ ഐവറി കോസ്റ്റ് പന്തടക്കത്തിലും അവസരസൃഷ്ടിയിലും മുൻതൂക്കം നേടിയെങ്കിലും നോർവേ പ്രതിരോധവും ഗോൾകീപ്പർ ഒർജാൻ ലനൈലാൻഡും ഉറച്ചുനിന്നു. മറുവശത്ത് എർലിങ് ഹാളണ്ടും അലക്സാണ്ടർ സോർലോത്തും നയിച്ച നോർവേ മുന്നേറ്റവും ഇടയ്ക്കിടെ എതിർ പ്രതിരോധത്തെ പരീക്ഷിച്ചു.
35-ാം മിനിറ്റിൽ ഇമ്മാനുവൽ അഗ്ബദൗവിന്റെ ശ്രമം ലനൈലാൻഡിന്റെ മികച്ച സേവിൽ തടയപ്പെട്ടു. തുടർന്ന് ഹാളണ്ടിന്റെ ആക്രമണവും ഐവറി കോസ്റ്റ് ഗോൾകീപ്പർ യഹിയ ഫൊഫാനയുടെ മികച്ച സേവിൽ അവസാനിച്ചു. ഒടുവിൽ 39-ാം മിനിറ്റിൽ അന്റോണിയോ നൂസയുടെ മനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ നോർവേ ലീഡ് സ്വന്തമാക്കി. ഒരു ഗോളിന്റെ മുൻതൂക്കത്തോടെയാണ് അവർ ഇടവേളയിലേക്ക് കടന്നത്.
രണ്ടാം പകുതിയിൽ സമനില ലക്ഷ്യമിട്ട് ഐവറി കോസ്റ്റ് ശക്തമായി തിരിച്ചടിച്ചു. 55-ാം മിനിറ്റിൽ നിക്കൊളാസ് പെപ്പെയുടെ ശക്തമായ ഷോട്ട് ലനൈലാൻഡ് രക്ഷപ്പെടുത്തിയെങ്കിലും ആക്രമണത്തിന്റെ തീവ്രത കുറയാതെ തുടർന്നു. പകരക്കാരനായി എത്തിയ അമദ് ഡിയാലോയുടെ മികവിൽ ഐവറി കോസ്റ്റ് ഒടുവിൽ സമനില പിടിച്ചു. വലതുവിങ്ങിലൂടെ ബോക്സിനുള്ളിലേക്ക് ഡ്രിബിൾ ചെയ്ത് കയറിയ ഡിയാലോയുടെ മികച്ച ഫിനിഷ് മത്സരത്തെ 1-1 എന്ന നിലയിലാക്കി.
സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ അവസാന വാക്ക് പറഞ്ഞത് ഹാളണ്ടായിരുന്നു. 86-ാം മിനിറ്റിൽ പാട്രിക് ബെർഗിന്റെ കൃത്യമായ പാസിൽ നിന്ന് താരം നേടിയ ഗോൾ നോർവേയ്ക്ക് വിലപ്പെട്ട വിജയം സമ്മാനിച്ചു. ശേഷിച്ച സമയത്ത് ഐവറി കോസ്റ്റിന് തിരിച്ചുവരാനാകാതെ വന്നതോടെ 2-1ന്റെ ജയവുമായി നോർവേ പ്രീ-ക്വാർട്ടർ ഉറപ്പിച്ചു


