ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ



കുറ്റിപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നടുവട്ടം സ്വദേശി ബഷീർ (55) ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 13ന് രാത്രി 11 മണിയോടെയാണ് സംഭവം. ഭാര്യയുടെ വീട്ടിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലവിലിരിക്കെ, രാങ്ങാട്ടുരിൽ ഭാര്യയും മകളും താമസിക്കുന്ന വീട്ടിലെ അടുക്കള മുറ്റത്തേക്ക് പ്രതി അതിക്രമിച്ച് കയറിയെന്നാണ് പരാതി. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടിൽ മറഞ്ഞിരുന്ന പ്രതി, ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടുകയുമായിരുന്നു. വെട്ട് തടയുന്നതിനിടെ ഭാര്യയുടെ ഇടതുകൈയിലെ നടുവിരലിന്റെ എല്ലിന് പൊട്ടലേറ്റു. തുടർന്ന് കത്തികൊണ്ട് ആക്രമിച്ചതായും പരാതിയുണ്ട്. ഇതിൽ ഭാര്യക്കും മകൾക്കും കൈകളിൽ മുറിവേറ്റു. മകളുടെ വലത് കൈപ്പത്തിക്കുള്ളിലും കുത്തേറ്റ മുറിവുണ്ട്.

പ്രതിക്കെതിരെ ഭാര്യ ഖദിജ കുടുംബകോടതിയിൽ കേസ് നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മുമ്പും പ്രതി ഭാര്യയെ ആക്രമിച്ചിരുന്നതായും ഇതുസംബന്ധിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നതായും പൊലീസ് അറിയിച്ചു. അന്ന് പ്രതി മുൻകൂർ ജാമ്യം നേടിയിരുന്നു. രാങ്ങാട്ടൂരിലെ വാടക ക്വാർട്ടേഴ്‌സിൽ ഒറ്റക്ക് താമസിക്കുന്ന പ്രതി ആക്രമണം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. ഊർജിത അന്വേഷണത്തിലൂടെ പ്രതിയെ സമയബന്ധിതമായി അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: