Headlines

ഓണ്‍ലൈനില്‍ 1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് പ്രീമിയം മദ്യക്കുപ്പിയില്‍ മനുഷ്യമൂത്രം



       

പത്തനംതിട്ട : ഓണ്‍ലൈനില്‍ 1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓർഡർ ചെയ്ത യുവാക്കള്‍ക്ക് ലഭിച്ചത് പ്രീമിയം മദ്യക്കുപ്പിയില്‍ മനുഷ്യമൂത്രം.

കോന്നി അരുവാപുലം സ്വദേശികളായ യുവാക്കളാണ് ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായത്. അരുവാപുലം സ്വദേശി ഓമനക്കുട്ടന് വേണ്ടിയാണ് സുഹൃത്ത് സനു ഫേസ്ബുക്ക് വഴി എത്തിയ ഓണ്‍ലൈൻ കച്ചവട ലിങ്കിലൂടെ ലൈറ്റ് ഓർഡർ ചെയ്തത്. ഒക്ടോബർ ആറിനാണ് ഓർഡർ ചെയ്തത്. ഇന്നലെ വൈകിട്ട് 4.30 യോടെ ഡെലിവറി ബോയ് സാധനം എത്തിച്ചു നല്‍കുകയായിരുന്നു. കവർ പൊട്ടിച്ചു നോക്കിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്.

കൊറിയർ വഴിയാണ് ഇവർക്ക് ഓർഡർ ലഭിക്കുന്നത്. പ്രമുഖ ഡെലിവറി പങ്കാളികളായ ‘ഷാഡോഫാക്സ് ഇന്ത്യ’ എന്ന കമ്പനിയുടെ ഡെലിവറി ബോയ് ആണ് പാക്കറ്റ് എത്തിച്ചത്. സാധനം കൈപ്പറ്റിയ ഉടൻ തന്നെ ഓർഡർ തുകയായ 1000 രൂപ യുവാക്കള്‍ ഡെലിവറി ചെയ്ത ആള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ കിട്ടിയത് പ്രീമിയം മദ്യക്കുപ്പിയില്‍ മനുഷ്യമൂത്രമാണ്. വിവരം കമ്പനിയെ അറിയിക്കുന്നതിനായി കവറിനു പുറത്തുള്ള നമ്പറില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിശദമായി പരിശോധിച്ചപ്പോഴാണ് നമ്പറില്‍ ഒന്ന് കുറവാണെന്ന് തിരിച്ചറിഞ്ഞത്. വ്യാജ മെയില്‍ ഐഡിയുമാണ് നല്‍കിയിരുന്നത്.

പൊതു വിപണിയില്‍ ഇരട്ടിത്തുക വിലയുള്ള ലൈറ്റ് 1000 രൂപയ്ക്ക് ലഭിക്കുമെന്ന പരസ്യം ഫേസ്ബുക്കിലൂടെയാണ് യുവാക്കള്‍ കണ്ടത്. ഫേസ്ബുക്കില്‍ കൊടുത്ത ഓണ്‍ലൈൻ വ്യാപാര കമ്പിനിയുടെ ലിങ്കില്‍ കയറിയാണ് യുവാക്കള്‍ ഓർഡർ ചെയ്തത്. ലൈറ്റിന് 9 മാസത്തെ ഗ്യാരണ്ടിയും അവകാശപ്പെട്ടിരുന്നു. പാഴ്സല്‍ അയച്ചു നല്‍കിയ കമ്പനിയുടെ മേല്‍വിലാസത്തില്‍ ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നാണ് യുവാക്കള്‍ പറയുന്നത്. സംഭവത്തില്‍ ഉപഭോക്ത കോടതിയെ സമീപിക്കാനാണ് യുവാക്കളുടെ തീരുമാനം. കോന്നി പൊലീസിലും പരാതി നല്‍കുമെന്ന് ഓമനക്കുട്ടനും സനുവും പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: