പ്ലസ് വൺ മൂന്നാം ഘട്ട അലോട്ട്‌മെന്റ് നാളെ; പ്രവേശനം നേടിയില്ലെങ്കിൽ അവസരം നഷ്ടമാകും, വിശദമായി അറിയാം

പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് നാളെ (ജൂൺ 29) രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ജൂലൈ 3 ന് വൈകിട്ട് 5 മണി പ്രവേശന നടപടികൾ പൂർത്തിയാക്കാം. അലോട്ട്‌മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ  www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…
അലോട്ട്‌മെൻറ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത ശേഷം ബന്ധപ്പെട്ട സ്കൂളിൽ പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

രണ്ട് അലോട്ട്‌മെൻറുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്‌മെൻറിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് തന്നെ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള സപ്ലിമെൻററി അലോട്ട്‌മെൻറുകളിൽ പരിഗണിക്കില്ല.

വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.

സ്‌പോർട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

പ്രവേശനം ജൂൺ 29 ന് രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ജൂലൈ 2 ന് വൈകിട്ട് 4 മണി വരെയാണ്.

പട്ടികജാതി/പട്ടിക വർഗ്ഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെൻറ് റിസൽട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്.

പ്രവേശനം ജൂൺ 29 ന് രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ജൂലൈ 3 ന് വൈകിട്ട് 5 മണി വരെയാണ്.

ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് സപ്ലിമെൻററി അലോട്ട്‌മെൻറിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.

മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാം.

മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെൻറ് ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം.

മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാം.

തുടർ അലോട്ട്മെന്റുകൾക്കുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: