തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം എസിജെഎം കോടതിയുടേതാണ് വിധി. ടി ജി മോഹൻദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതി നടപടി. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാല്‍, പ്രോസിക്യൂഷൻ വാദം തെറ്റാണെന്നായിരുന്നു മോഹൻകുമാറിന്റെ അഭിഭാഷകൻ വാദിച്ചത്. പൊലീസ് വീട്ടിലെത്തിയാണ് ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തതൊന്നും മോഹൻദാസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷ നൽകാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയിൽ ചോദിക്കുമെന്നും പ്രതിഭാഗം വാദിച്ചു.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ സംഘപരിവാര്‍ സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ (BNS 192), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കൽ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കൽ (BNS 79), സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ (KP Act 120(o)) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതിൽ ബി എൻ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാലാണ് കോടതിയുടെ തീരുമാനം നിര്‍ണായകമായത്.


