ഹൈദരാബാദ്: ദുർമന്ത്രവാദം നടത്തുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് കാരണക്കാരിയാണെന്നും സംശയിച്ച് 21 കാരൻ അമ്മയെ ഡീസലൊഴിച്ച് തീകൊളുത്തി കൊന്നു. തെലങ്കാനയിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി കറെ ദുർഗേഷ്, തന്റെ ഓട്ടോയിലുണ്ടായിരുന്ന ഡീസൽ ഉപയോഗിച്ചാണ് അമ്മയെ തീവെച്ചത് എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്ത് ദിവസം മുൻപാണ് ദുർഗേഷ് ഹൈദരാബാദിൽ നിന്നും മേദക് ജില്ലയിലുള്ള തന്റെ ഗ്രാമത്തിലെത്തിയത്. സംഭവദിവസം, ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഇയാൾ അമ്മയുമായി തർക്കത്തിലായി. വർഷങ്ങൾക്ക് മുൻപ് നടന്ന മരണങ്ങളും അമ്മ കാരണമാണുണ്ടായതെന്ന് ദുർഗേഷ് വിശ്വസിച്ചു. വാക്കുതർക്കത്തിനൊടുവിൽ ഓട്ടോ ഡ്രൈവറായ ദുർദേഷ് വാഹനത്തിൽ നിന്നും ഡീസലെടുത്ത ശേഷം അമ്മയായ കരേ സായമ്മയുടെ ദേഹത്തൊഴിച്ച് തീയിടുകയായിരുന്നു.
അതേസമയം, തങ്ങൾ നടത്തിയ അന്വേഷണത്തിൽ കരേ സായമ്മ ദുർമന്ത്രവാദം നടത്തിയെന്നതിന് യാതൊരു തെളിവുകളും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ ചോദ്യം ചെയ്യുകയാണ്.
ദുർമന്ത്രവാദം നടത്തിയെന്ന സംശയം; തെലങ്കാനയിൽ 21 കാരൻ അമ്മയെ ഡീസലൊഴിച്ച് തീകൊളുത്തി കൊന്നു

