Headlines

പ്രസവിക്കണോ എന്ന് തീരുമാനിക്കുന്നത് സ്ത്രീ, മറിച്ചായാൽ അവകാശലംഘനം; ആർക്കും നിർബന്ധിക്കാനാകില്ല: സുപ്രീം കോടതി

ഒരു സ്ത്രീയെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഒരാളെ, അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഒരു കോടതിക്കും നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഗർഭിണിയായ ഒരു സ്‌ത്രീയുടെ താത്‌പര്യം പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഏഴ് മാസത്തിലധികം ​ഗർഭിണിയായ 15 വയസുള്ള പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഒരു സ്ത്രീയുടെ പ്രത്യുല്‍പാദന അവകാശത്തിന് ഉയർന്ന പ്രാധാന്യം നല്‍കണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഗർഭിണിയായ സ്ത്രീയുടെ തിരഞ്ഞെടുപ്പാണ് പ്രസക്തമെന്ന് ബെഞ്ച് പറഞ്ഞു. ഈ കേസിൽ ഗർഭിണിയ്‌ക്ക് 15 വയസ് മാത്രമാണ് പ്രായം. അത്തരമൊരു ഗർഭം തുടരുന്നത് പ്രായപൂർത്തിയാകാത്തയാളുടെ മാനസികാരോഗ്യം, വിദ്യാഭ്യാസ സാധ്യതകൾ, സാമൂഹിക നില, മൊത്തത്തിലുള്ള വികസനം എന്നിവയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോടതി ഊന്നിപ്പറഞ്ഞു.

ഒരു സ്ത്രീയുടെ പ്രത്യുത്പാദന സ്വയംഭരണത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകണമെന്നും അനാവശ്യ ഗർഭധാരണം വഹിക്കുന്ന ഒരു സ്ത്രീ അത് തുടരാൻ നിർബന്ധിതയായാൽ അവളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. “ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരാളുടെ ശരീരത്തെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം, പ്രത്യേകിച്ച് പ്രത്യുൽപാദന കാര്യങ്ങളിൽ, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്.

ഒരു സ്ത്രീയെയും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ അവരുടെ വ്യക്തമായ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഒരു കോടതിയും നിർബന്ധിക്കരുത്. അത്തരം നിർബന്ധം അവരുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുക മാത്രമല്ല, മറിച്ച് ഗുരുതരമായ മാനസിക, വൈകാരിക, ശാരീരിക ആഘാതത്തിന് കാരണമാവുകയും ചെയ്യും,” ബെഞ്ച് വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: