നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം; സംസ്ഥാന ഹർത്താൽ ആരംഭിച്ചു, വിവിധ ഇടങ്ങളിൽ ബസുകള്‍ തടഞ്ഞു

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ വിവിധ ജില്ലകളിൽ ബസും ഓട്ടോയും അടക്കം തടയുകയാണ്.

തിരുവനന്തപുരം കണിയാപുരത്തും നെടുമങ്ങാടും തമ്പാനൂരും പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞു. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പുറത്തേക്ക് ഇറക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അനുവദിച്ചില്ല. കണിയാപുരത്ത് ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ തടയുകയാണ്. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഇടുക്കി തൊടുപുഴ നഗരത്തിലും വടക്കന്‍ പറവൂരിലെ കച്ചേരിപടിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു.

അതേസമയം ക്രമസമാധാനം നിലനിര്‍ത്താന്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു.

നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.

നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: