കൊച്ചി: പാലാരിവട്ടത്ത് വാടകവീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി വൻ കവർച്ച. വ്യാഴാഴ്‌ച പുലർച്ചെയാണ് അഞ്ചംഗ അക്രമിസംഘം നാടിനെ ഞെട്ടിച്ച ഈ കുറ്റകൃത്യം നടത്തിയത്. അസം, പശ്ചിമ ബംഗാൾ സ്വദേശികളായ യുവതികളും അവരുടെ ആൺസുഹൃത്തുക്കളും താമസിച്ചിരുന്ന വീട്ടിലേക്കാണ് മാരാകായുധങ്ങളുമായി സംഘം ഇരച്ചുകയറിയത്.
കത്തി കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ളയടി.
വീട്ടിലുണ്ടായിരുന്നവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്ത് മൊബൈൽ ഫോണുകൾ, 1,20,000 രൂപ, കൂടാതെ യുപിഐ വഴി 12,000 രൂപയും പ്രതികൾ തട്ടിയെടുത്തു. ഇതിനുപുറമെയാണ് സ്ത്രീകളെ വിവസ്ത്രരാക്കുകയും ഒരാളുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള മാലയും മറ്റൊരാളുടെ നാല് ഗ്രാം കമ്മലും ബലമായി ഊരിയെടുക്കുകയും ചെയ്തത്.
സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികൾക്കായി കൊച്ചി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിനോടകം രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.


