തൃശൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാലിന്യത്തിൽ അകപ്പെട്ട് യുവാവ്. മലപ്പുറം സ്വദേശി ഹരി (32) കാരനാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ നടത്തറ പഞ്ചായത്തിലെ ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബേക്കറി യൂണിറ്റിന് പിന്നിലെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഏകദേശം 12 അടി താഴ്ചയുള്ള ടാങ്കിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബ് മുകളിൽ നിന്ന് ഹരിയുടെ കാലിലേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്തോളം സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ യുവാവ് മുങ്ങി. വേസ്റ്റ് പമ്പ് ചെയ്ത് മാറ്റിയാണ് ഹരിയെ രക്ഷിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫയർ ആന്‍റ് റെസ്ക്യൂ സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിച്ചു.
