Headlines

സ്ത്രീകൾക്ക് പകുതിവിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ യുവാവിനെ  അറസ്റ്റ്‌ ചെയ്തു

കൊച്ചി: സ്ത്രീകൾക്ക് പകുതിവിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഇടുക്കി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ(26) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചുവെന്നാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ 1200 സ്ത്രീകളാണ് തട്ടിപ്പിനിരയായതായി പരാതി നൽകിയത്.

വുമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാൽ സ്ത്രീകൾക്ക് ടൂവീലറുകൾ പകുതി വിലക്ക് നൽകുമെന്നും ബാക്കി പണം കേന്ദ്രസർക്കാർ സഹായമായും വലിയ കമ്പനികളുടേതടക്കം സി.എസ്.ആർ ഫണ്ടായി ലഭിക്കുമെന്നുമാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. പണം അടച്ചാൽ 45 ദിവസത്തിനുള്ളിൽ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ടൂവീലറുകൾക്ക് പുറമേ തയ്യൽ മെഷീൻ, ലാപ്ടോപ്പ് തുടങ്ങിയവയും നൽകുമെന്ന് പറഞ്ഞ് സമാനമായ രീതിയിൽ വൻ തട്ടിപ്പാണ് നടത്തിയത്. ഇവയുടെ വിതരണോത്ഘാടനത്തിനായി പല പ്രമുഖരേയും എത്തിച്ചും രാഷ്ട്രീയ നേതാക്കളെ പദ്ധതിയുടെ പിന്നണിക്കാരായി കാണിച്ചും വിശാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്.

പണം അടച്ച് 45 ദിവസം കഴിഞ്ഞ് അന്വേഷിക്കാനെത്തിയവരോട് കുറച്ച് ദിവസത്തിനുള്ളിൽ വാഹനം ലഭിക്കുമെന്നാണ് പറഞ്ഞത്. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം കിട്ടാതായതോടെയാണ് സ്ത്രീകൾ പരാതിയുമായി എത്തിയത്. അതേസമയം അറസ്റ്റിലായ മുഖ്യ സൂത്രധാരൻ അനന്തു കൃഷ്ണന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.

ചെയിൻ രീതിയിലാണ് വ്യാപക തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. അനന്തു കൃഷ്ണന്റെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം സ്ത്രീകൾ അയച്ചത്. അതേസമയം ഇയാൾ 2019-ൽ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത ശേഷമാണ് പുതിയ തട്ടിപ്പ് നടത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: