ആലപ്പുഴ: കരുവാറ്റയില്‍ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ ശിവൻകുട്ടി എന്ന 67കാരനെ ക്രൂരമായി കൊലപ്പെടുത്തിയത് പ്രായപൂർത്തിയാകാത്തവരെന്ന് പോലീസ്
ബന്ധുവായ 13കാരിയാണ് കൊലപാതകത്തിന് ക്വട്ടേഷൻ നല്‍കിയത്. വീട്ടിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കാനായി നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങലായിരുന്നെന്ന് പോലീസ് പറയുന്നു. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടകവീട്ടിലാണ് ശിവൻകുട്ടി താമസിച്ചിരുന്നത്.
കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിക്ക് കാണിച്ചു കൊടുത്തതായി പോലീസ് പറയുന്നു. കൈകാലുകള്കൂട്ടിക്കെട്ടി അതിക്രൂരമായായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികളായ കുട്ടികളെല്ലാം കൊല്ലം സ്വദേശികളാണ്. ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ശിവൻകുട്ടിയുടെ മകള്‍ ശ്രീകല ഗർഭിണിയായിരുന്നു. ഇതിന്റെ ഭാഗമായി മകളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാനായി ഭാര്യയും പോയി. ശിവൻകുട്ടിയും ചെറുമകളും തനിച്ചായി. കൊലപാതകം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നില്ല.
ശിവൻകുട്ടിയുടെ കൊച്ചുമകള്‍ സ്കൂള്‍ വിദ്യാർഥിനിയാണ്. കുട്ടി കഴിഞ്ഞ ദിവസം ട്യൂഷൻ കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരുന്നു. ഇക്കാര്യം ആശുപത്രിയിലുള്ള അമ്മൂമ്മയെ വിളിച്ചു പറഞ്ഞപ്പോള്‍ കൂട്ടുകാരിയുടെ വീട്ടിലേക്കു പോകാൻ നിർദേശിച്ചു. ഇന്നലെ രാവിലെ എത്തിയപ്പോഴും വീടു തുറന്നിട്ടില്ലായിരുന്നു, ഇതോടെ കുട്ടി സമീപവാസികളെ അറിയിച്ചു. പരിശോധനയില്‍ അടുക്കളവാതില്‍ തുറന്നു കിടക്കുന്നതായി കണ്ടെത്തി. ഈ വഴി അകത്തു കടന്നു പരിശോധിച്ചപ്പോഴാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ മൃതദേഹം ഡൈനിങ് ഹാളില്‍ കിടക്കുന്നത് കണ്ടത്.
പ്രൊഫഷണലായ രീതിയിലാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍ വന്നിരുന്നത്. കൃത്യമായ ആസൂത്രണത്തോടെ വീടിന്റെ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴി അകത്ത് കയറിയതും, കൃത്യം നടത്താൻ പൊതുവഴിയിലൂടെ വരികയോ പോവുകയെ ചെയ്യാത്തതും, സ്ഥലത്ത് മുളകുപൊടി വിതറിയതുമെല്ലാം പ്രതികളുടെ ‘പ്രൊഫഷണല്‍ സ്കില്‍’ ആയാണ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ കൊല നടത്തിയവരെല്ലാം ഇത്തരം കൃത്യങ്ങളില്‍ മുൻപരിചയം ഉണ്ടാകാൻ സാധ്യതയില്ലാത്തവരാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.


