കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം. 4 പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച്ച സ്വർണം പണയം വച്ച് പണം എടുക്കാനായി 26.400 ഗ്രാം വ്യാജ സ്വർണവുമായാണ് ഇവർ ബാങ്കിലെത്തിയത്. 916 മുദ്ര പതിപ്പിച്ച വ്യാജ സ്വർണമാണ് കൊണ്ടു വന്നത്.
ജീവനക്കാർക്ക് സംശയം തോന്നിയതോടെ കൂടുതൽ പരിശോധന നടത്തുകയും ഇത് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ബാങ്ക് അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാജ സ്വർണം പണയംവയ്ക്കാൻ ശ്രമിച്ചതിന് കൊല്ലംപാറയിലെ വി.രമ്യ (32), കരിന്തളം സ്വദേശികളായ ഷിജിത്ത്, രതികല എന്നിവർക്കെതിരെയാണ് കേസ്.
ബാങ്ക് സെക്രട്ടറി വി.മധുസൂദനനാണ് പരാതി നൽകിയിരിക്കുന്നത്. പരിചയക്കാരായ രമ്യയും ഷിജിത്തും നീലേശ്വരത്തെ ഒരു ഫാന്‍സി കടയില്‍നിന്ന് മുക്ക് പണ്ടം വാങ്ങി ഷിജിത്തിന്റെ സുഹൃത്തായ ബിജുവിന്റെ ജൂവലറിയില്‍ പോയി 916 മുദ്ര പതിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജൂവലറി ഉടമ ബിജുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
