കണ്ണൂര്‍: അക്രമം തുടര്‍ന്നാല്‍ സിപിഎം നേതാക്കളുടെ വീട്ടിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ് ഭീഷണി മുഴക്കിയത്. കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്ന് കണ്ണീര്‍ വീഴ്ത്തുമെന്നും ബിജെപി അര്‍ജുന്‍ മാവിലങ്കണ്ടിയുടെ പ്രസംഗത്തില്‍ പറയുന്നു. കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തിലാണ് ബിജെപി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം
“ഇവിടെയുള്ള സിപിഎം ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയാ സെക്രട്ടറി. എല്ലാവരെയും ഞങ്ങൾക്കറിയാം. എല്ലാവരുടെയും വീടുകൾക്കും ഞങ്ങൾക്കറിയാം. എല്ലാവരുടെയും വീടുകൾക്ക് ബോംബെറിയാൻ ഞങ്ങൾക്ക് സാധിക്കും. നിങ്ങളുടെ മക്കൾ എവിടെയാണ് പഠിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. അവർ എവിടെയെല്ലാം പോകുന്നുണ്ടെന്നും ഞങ്ങൾക്കറിയാം. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ട് പോവാനാണ് നിങ്ങളുടെ ഭാവമെങ്കിൽ നിങ്ങളുടെ കണ്ണിൽ നിന്നല്ല നെഞ്ചിൽ നിന്ന് കണ്ണീര് വീഴ്ത്താൻ ഞങ്ങൾക്കറിയാം. അത് ഞങ്ങൾ ചെയ്യുക തന്നെ ചെയ്യും….”
കല്യാശേരി മണ്ഡലം സെക്രട്ടറി ബിജു നാരായണന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ബോംബ് എറിഞ്ഞിരുന്നു. സിപിഎം നേതൃത്വത്തിന്റെ അറിവോടയാണ് ബോംബ് എറിഞ്ഞതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. അതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ പ്രകോപന പ്രസംഗം. എന്നാല്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

