കേരള സര്‍വകലാശാലക്ക് കീഴിലെ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല മുന്നേറ്റം നേടി എസ് എഫ് ഐ. സര്‍വകലാശാലക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന കോളേജുകളില്‍ 65 കോളേജുകള്‍ എസ് എഫ് ഐ വിജയിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ 45 കോളേജുകള്‍ എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 34 കോളേജുകളില്‍ 28 കോളേജുകളില്‍ എസ് എഫ് ഐക്ക് ഉജ്ജ്വലമായ വിജയം നേടാന്‍ സാധിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ 19 കോളേജുകള്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. തിരുവനന്തപുരം മാര്‍ ഇവനിയോസ് കോളേജ് കെ എസ് യു-വില്‍ നിന്നും തിരിച്ച് പിടിച്ചു. കാട്ടാക്കട ക്രൈസ്റ്റ് നഗര്‍ കോളേജ് എ ബി വി പിയില്‍ നിന്നും തിരിച്ചുപിടിച്ചു. പെരിങ്ങമല ഇക്ബാൽ കോളേജ്, നെടുമങ്ങാട് ഗവൺമെൻ്റ് കെ വി എസ് എം കോളേജ്, തോന്നയ്ക്കൽ എ ജെ കോളേജ്,തുമ്പ സെൻ്റ് സേവിയേഴ്സ് എന്നിവിടങ്ങളിൽ കെ എസ് യു യൂണിയൻ നേടി.
കൊല്ലം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളില്‍ 14 കോളേജുകളില്‍ എസ് എഫ് ഐക്ക് ജയിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ 10 കോളേജുകള്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് കെ എസ് യുവില്‍ നിന്നും തിരിച്ച് പിടിച്ചു. കുണ്ടറ ഐ എച്ച് ആർ ഡി കോളേജും കൊട്ടാരക്കര എസ് ഡി കോളേജും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും കെ എസ് യുവില്‍ നിന്ന് തിരിച്ച് പിടിച്ചു. പുനലൂര്‍ എസ് എന്‍ കോളേജ് എ ഐ എസ് എഫില്‍ നിന്നും തിരിച്ചു പിടിച്ചു. കൊട്ടാരക്കര ഐഎച്ച്ആർഡി കോളേജിൽ എഐഎസ്എഫ് യൂണിയൻ നിലനിർത്തി
ആലപ്പുഴ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 19 കോളേജുകളില്‍ മുഴുവന്‍ കോളേജുകളിലും എസ് എഫ് ഐ ജയിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ 14 കോളേജുകള്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. ജില്ലയിലെ ഏക ഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജായ അമ്പലപ്പുഴ ഗവ. കോളേജ് രണ്ട് വര്‍ഷത്തിന് ശേഷം കെ എസ് യുവില്‍ നിന്ന് തിരികെപിടിച്ചു. കായംകുളം എം എസ് എം കോളേജ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും മാവേലിക്കര ഐ എച്ച് ആർ ഡി കോളേജ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും കെ എസ് യുവില്‍ നിന്നും തിരിച്ചുപിടിച്ചു. ആലപ്പുഴ എസ് ഡി കോളേജില്‍ ചെയര്‍മാന്‍, യു യു സി സീറ്റുകള്‍ കെ എസ് യുവില്‍ നിന്ന് തിരിച്ചുപിടിച്ചു.
പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് കോളേജുകളില്‍ എസ് എഫ് ഐ സമ്പൂര്‍ണ വിജയം നേടി. പന്തളം എൻ എസ് എസ് കോളേജ്, എൻ എസ് എസ് ബി എഡ് കോളേജ് പന്തളം, ഐ എച്ച് ആര്‍ ഡി അടൂര്‍, സെന്റ് സിറില്‍സ് അടൂര്‍ എന്നീ കോളേജുകളാണ് വിജയം നേടിയത്. അടൂർ ബിഷപ് മോർ കോളേജ് യൂണിയൻ എഐഎസ്എഫ് നേടി


