Headlines

ക്യാൻസർ ബാധിച്ച് മരിച്ച 52 വയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾ നടത്തിയത് സമീപത്തെ പള്ളിയിൽ




മതത്തിന്റെ പേരിൽ മനുഷ്യനെ വെട്ടിമുറിക്കാൻ നോക്കുന്നവർക്ക് മുന്നിൽ, മലപ്പുറം ചങ്ങരംകുളം പള്ളിക്കര എഴുതിവെച്ചത് സ്നേഹത്തിന്റെ പുതിയൊരു ചരിത്രമാണ്.

കഴിഞ്ഞ 18 വർഷമായി ചങ്ങരംകുളം പള്ളിക്കര ഖദീജ മസ്ജിദിന് തൊട്ടടുത്തുള്ള ഒരു ചെറിയ വാടകവീട്ടിലായിരുന്നു കുന്നംകുളം സ്വദേശി സഹദേവനും ഭാര്യ പ്രേമലതയും കഴിഞ്ഞിരുന്നത്. അർബുദ രോഗത്തോട് പൊരുതി തോറ്റ 52-കാരിയായ പ്രേമലത തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് വിടവാങ്ങുമ്പോൾ, ആ കുടുംബം അക്ഷരാർത്ഥത്തിൽ അനാഥമായിപ്പോയിരുന്നു.

പ്രിയപ്പെട്ടവളുടെ വേർപാടിൽ തകർന്നുനിന്ന അവർക്ക് മുന്നിൽ വലിയൊരു പ്രതിസന്ധി കൂടി ഉണ്ടായിരുന്നു. താമസിച്ചിരുന്ന ഇടുങ്ങിയ വാടകവീട്ടിൽ അവളെ അവസാനമായി ഒന്ന് കുളിപ്പിക്കാനോ, അന്ത്യയാത്രയ്ക്കായി ഒരുക്കാനോ യാതൊരു സൗകര്യവുമില്ലായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ, കണ്ണീരോടെ ആ കുടുംബം പകച്ചുനിന്ന നിമിഷം.

പക്ഷേ, 18 വർഷമായി തങ്ങളുടെ കൂടപ്പിറപ്പുകളെപ്പോലെ കഴിഞ്ഞിരുന്ന ആ കുടുംബത്തെ കൈവിടാൻ പള്ളിക്കര ഖദീജ മസ്ജിദ് ഭാരവാഹികൾക്ക് സാധിച്ചില്ല. അവരുടെ നിസ്സഹായത സ്വന്തം വേദനയായി ഏറ്റെടുത്ത മസ്ജിദ് കമ്മിറ്റി,

അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനായി പള്ളിയുടെ വാതിലുകൾ തുറന്നുനൽകാൻ തീരുമാനിച്ചു.
പ്രേമലതയുടെ ബന്ധുക്കൾക്കൊപ്പം അയൽവാസികളായ മുസ്ലിം സഹോദരിമാരും ചേർന്നാണ് കണ്ണീരോടെ ആ അന്ത്യയാത്രാ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. തുടർന്ന് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം, ഹൈന്ദവ ആചാരപ്രകാരം പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ വെച്ച് അവൾക്ക് അന്ത്യവിശ്രമമൊരുക്കി.

ആചാരങ്ങളോ വിശ്വാസങ്ങളോ അവിടെ അതിരുകളായില്ല; പകരം മനുഷ്യത്വവും കരുതലും മാത്രം നിറഞ്ഞുനിന്നു.
ഇതാണ് നമ്മുടെ കേരളം! മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന, വേദനകളിൽ ചേർത്തുപിടിക്കുന്ന യഥാർത്ഥ നന്മയുടെ നാട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: