കുട്ടനാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ നീലംപേരൂർ അഞ്ചാം വാർഡിൽ ഒരു അപൂർവ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കഴിഞ്ഞ തവണ സിപിഎം 169 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡിൽ ഇക്കുറി ഏറ്റുമുട്ടൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി അംഗവും തമ്മിലാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഗുനാട് മുൻ ഏരിയ സെക്രട്ടറിയുമായ ജി. ഉണ്ണിക്കൃഷ്ണനെതിരേ ലോക്കൽ കമ്മിറ്റി അംഗം കെ.ജെ. അനീഷാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മരുന്നു കമ്പനിയിൽ ജീവനക്കാരനായിരുന്ന അനീഷ് ആറുമാസം മുൻപ് ജോലി വിട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു.
അനീഷിനെയാണ് പാർട്ടി സ്ഥാനാർഥിയായി ആദ്യം മുന്നിൽ കണ്ടിരുന്നതെന്ന് പ്രദേശത്തെ സിപിഎം അംഗങ്ങൾ പറയുന്നു. പ്രസിഡന്റ് സ്ഥാനം ജനറൽ ആയതോടെ 72-കാരനായ ഉണ്ണിക്കൃഷ്ണൻ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തുവരികയായിരുന്നു. 38 കാരനായ അനീഷിന് അവസരം നൽകണമെന്ന അഭിപ്രായം ഉയർന്നുവന്നെങ്കിലും പാർട്ടി ജില്ലാ കമ്മിറ്റി ഉണ്ണിക്കൃഷ്ണനെ സ്ഥാനാർഥിയായി നിശ്ചയിക്കുകയായിരുന്നു.
അതേസമയം ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഔദ്യോഗിക പക്ഷം പറഞ്ഞു. സിപിഎമ്മിലെ തമ്മിലടി ഇക്കുറി തങ്ങൾക്ക് ഗുണകരമാകും എന്ന് യുഡിഎഫിനായി മത്സരിക്കുന്ന പി.സി. രാജുവും ബിജെപിക്കായി രംഗത്തുള്ള എം.എൻ. മുകേഷും ഉറച്ചു വിശ്വസിക്കുന്നു


