ശ്വേത മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന നടി അൻസിബ ഹസന്റെ ആവശ്യം എറണാകുളം മുൻസിഫ് കോടതി തള്ളി. താരസംഘടനയായ അമ്മയുടെ ഭരണസമിതിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് അൻസിബയ്ക്ക് തിരിച്ചടി ലഭിച്ചത്. ആദ്യം രാജി പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചെത്തുകയും ചെയ്ത അമ്മ പ്രസിഡൻ്റ് ശ്വേത മേനോന് ആശ്വാസമാണിത്.
രമേശ് പിഷാരടി എംഎൽഎ നേരത്തെ ഈ കേസിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അൻസിബ കോടതിയിൽ എത്തിയത്. അൻസിബയുടെ ആവശ്യം തള്ളിയതോടെ ശ്വേത മേനോന്റെ ഹർജിയിൽ ശക്തമായ എതിർപക്ഷം ഇല്ല. അമ്മ സംഘടന ശ്വേത മേനോൻ പ്രസിഡന്റായ സമിതിയുടെ കീഴിൽ തുടരുമെന്ന് ഇതോടെ വ്യക്തമായി. അതേസമയം, അൻസിബ അപ്പീൽ സമർപ്പിക്കുമോ എന്ന് വ്യക്തമല്ല.
ജനറൽ ബോഡി യോഗത്തിൽ സംഘടനയുടെ വരവ് ചെലവ് കണക്കുകൾ കൃത്യമായി കാണിക്കാൻ സാധിക്കാതെ വന്നതാണ് പ്രസിഡന്റ് ശ്വേത മേനോന് തിരിച്ചടിയായത്. കണക്കുകൾ ചോദിക്കുകയും ബിജെപിയുമായി ബന്ധപ്പെടുത്തി ആരോപണം ഉയരുകയും ചെയ്തതോടെ രാജി പ്രഖ്യാപിച്ച് ജനറൽ ബോഡിയിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു ശ്വേത.


