എൻഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. എൻഎസ്എസ് ഇന്ന് ചിലയാളുകൾ കയ്യടക്കിയെന്ന് ഗണേഷ് കുമാർ പറഞ്ഞു. മന്നത് ആചാര്യൻ ഉണ്ടാക്കിയെടുത്ത മഹാ പ്രസ്ഥാനത്തിൽ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 64 വർഷമായി പിതാവ് ആർ ബാലകൃഷ്ണപ്പിള്ള എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയിരുന്നുവെന്നും ജീവിച്ചിരുന്ന കാലം മുഴുവൻ ആർ ബാലകൃഷ്ണപിള്ളയെ അപമാനിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു.
എൻഎസ്എസുമായുള്ള തർക്കത്തിന്റെ ഭാഗമായി ഗണേഷ് കുമാർ പങ്കെടുക്കുന്ന വേദി എൻഎസ്എസ് നിഷേധിച്ചിരുന്നു. തിരുവനന്തപുരം മന്നം ക്ലബ്ബിൽ വെച്ച് നടത്താനിരുന്ന നായർ സംരക്ഷണ സമിതിയുടെ ‘ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ എന്ന പുസ്തക പ്രകാശനത്തിലെ വേദിയാണ് മാറ്റിയത്. പരിപാടി സംഘടിപ്പിച്ചാൽ തടയുമെന്ന് എൻഎസ്എസ് നേതാക്കൾ പറഞ്ഞിരുന്നു. തുടർന്ന് പ്രസ് ക്ലബ്ബിൽ പരിപാടി നടത്തുകയായിരുന്നു. ഈ പരിപാടിയിലായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം.
‘ദേവദാരുവിലെ ഇത്തിൾകണ്ണികളെ സമൂഹം വെട്ടി ദൂരെ എറിയണം. ആജ്ഞാനവൃത്തിയും അവരുടെ ഇത്തിൾക്കണ്ണികളുമാണ് ഇന്ന് ദേവദാരുവിൽ. മന്നത്ത് ആചാര്യന്റെ മരണാനന്തര ചടങ്ങുകളിൽ മകനെപ്പോലെ ചടങ്ങ് നടത്താൻ ഭാഗ്യം ലഭിച്ചയാളാണ് എന്റെ പിതാവ്. ഇത്തിൾകണ്ണികൾക്ക് വേണ്ടി നായർ സമുദായ അംഗങ്ങൾ തെരുവിൽ ഇറങ്ങരുത്. മന്നത്ത് ആചാര്യന്റെ ആത്മാവിന് ക്ഷമിക്കാനാകില്ല’, കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ഒരു കുടുംബത്തിൽ നിന്ന് 43 പേരെ നായർ സർവീസ് സൊസൈറ്റിയിൽ ജോലിക്ക് വച്ചെന്നും ആർക്കും ഇരിക്കാനാവുന്ന കസേരയല്ല എൻഎസ്എസെന്നും അദ്ദേഹം വിമർശിച്ചു. കനക സിംഹാസനത്തിൽ ഏത് ശുനകനുമിരിക്കാം എന്ന് തോന്നിപ്പിക്കരുതെന്നും അദ്ദേഹം അധിക്ഷേപിച്ചു. താൻ എൻഎസ്എസ്സിന്റെ തെരഞ്ഞെടുത്ത അംഗമാണെന്നും ഓട് ഇളക്കി വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം യൂണിയൻ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പിലൂടെ തനിക്കെതിരെ മത്സരിച്ച സ്ഥാനാർഥി വോട്ട് ചെയ്തില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.


