തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽക്കയറി വനിത സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കഠിനംകുളം സ്വദേശികളായ ആദികേശവ്(19), സന്ദീപ്(19), ഹരീഷ്ബാബു(29) എന്നിവരാണ് അറസ്റ്റിലായത്. കഠിനംകുളത്ത് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്.
പുതുക്കുറുച്ചി വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനെയും ഭർത്താവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാർത്ഥിയുടെ ബന്ധുക്കളെയും സംഘം കൈയ്യേറ്റം ചെയ്തിരുന്നു. പുതുക്കുറിച്ചി നോർത്ത് വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് എയ്ഞ്ചൽ.
പ്രചരണം കഴിഞ്ഞ് ഇന്നലെ വീട്ടിലെത്തിയപ്പോൾ എട്ടോളം വരുന്ന സംഘമെത്തി വീടിന് സമീപത്ത് ബഹളം വച്ചു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ സ്ഥാനാർത്ഥിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തടയാനെത്തിയ ഭർത്താവിനെയും ബന്ധുക്കളെയും സംഘം മർദിച്ചെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ സ്ഥാനാർത്ഥിയും ഭർത്താവും ബന്ധുക്കളും അടുത്തുള്ള പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
വീടിന് സമീപത്ത് യുവാക്കൾ തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടാക്കിയപ്പോൾ സ്ഥാനാർത്ഥിയുടെ ഭർത്താവും ബന്ധുക്കളും വിലക്കിയതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സമീപത്തെ വിവാഹ പാർട്ടിയിലെത്തി മദ്യപിച്ച ശേഷമാണ് ഇവർ ബഹളമുണ്ടാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.
ബന്ധുക്കളെത്തിയപ്പോഴേക്കും കൂടുതൽ പേരെത്തി അവരെയും ആക്രമിക്കുകയായിരുന്നു. കഠിനംകുളം പോലീസ് എത്തിയപ്പോഴേക്കും ഈ സംഘം രക്ഷപ്പെട്ടു. പൊലീസ് പോയ ശേഷം 20ലധികം വരുന്ന സംഘം വീണ്ടും എത്തി ആക്രമിച്ചു. വീട്ടിനുള്ളിൽ കയറിയും ആക്രമിച്ചു. പുറത്തുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും അടിച്ചു തകർത്തു. തുടർന്നാണ് സ്ഥാനാർഥി പോലീസിൽ പരാതി നൽകിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


