തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. വിധി വന്നതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പ് വന്നത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.
നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം സണ്ണി ജോസഫ് നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.
രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള നിർണ്ണായകമായ വിധി വന്നത്. ഇന്നലെയും ഇന്നുമാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം നടന്നത്. അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം ഹാജരാക്കിയതോടെയാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്.


