Headlines

രാത്രിയിൽ വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല;പ്രതിഷേധവുമായി സഹയാത്രികർ

ചാലക്കുടി: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ രാത്രി യാത്ര ചെയ്ത വിദ്യാർത്ഥിനികൾക്ക് ദുരനുഭവമുണ്ടായതായി പരാതി. വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാൻ ബസ് ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ല. സഹയാത്രികർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർ ബസ് നിർത്താൻ തയ്യാറായില്ല. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോയ ബസിൽ അങ്കമാലിയിൽനിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ രണ്ട് വിദ്യാർത്ഥിനികളാണ് സംഭവത്തിൽ ഇരയായത്.


ഇടുക്കി സ്വദേശി ഐശ്വര്യ എസ്. നായരും പത്തനംതിട്ട സ്വദേശി ആൽഫ പി. ജോർജുമാണ് എറണാകുളത്ത് പഠന ആവശ്യത്തിനായി പോയി മടങ്ങുന്നതിനിടെ ബസിൽ കയറിയത്. രാത്രി ഒമ്പതരയോടെ കൊരട്ടിക്ക് സമീപം പൊങ്ങത്ത് ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ലെന്നാണ് ആരോപണം.

വിദ്യാർഥിനികൾ കരഞ്ഞ് അഭ്യർഥിച്ചിട്ടും, സഹയാത്രികർ ഇടപെട്ടിട്ടും ബസ് നിർത്താൻ ജീവനക്കാർ തയ്യാറായില്ല. വിദ്യാർത്ഥിനികളായതിനാൽ മാനുഷിക പരിഗണന കാണിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസിനെ വിവരം അറിയിച്ചു.

മുരിങ്ങൂരിൽ ബസ് നിർത്താമെന്ന് പിന്നീട് കണ്ടക്ടർ അറിയിച്ചെങ്കിലും, അവിടെ ഇറങ്ങിയാൽ തിരികെ പോകാനുള്ള വഴി അറിയില്ലെന്ന് കുട്ടികൾ വ്യക്തമാക്കി. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ഇറക്കിയത്. രാത്രി യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളോടുള്ള അവഗണനയിൽ സഹയാത്രികർ പ്രതിഷേധം അറിയിച്ചു.

വിവരം അറിഞ്ഞ് ചാലക്കുടി എസ്‌എച്ച്‌ഒ എം.കെ. സജീവിന്റെ നേതൃത്വത്തിൽ പൊലീസ് ബസ് സ്റ്റാൻഡിലെത്തി. കുട്ടികളെ പൊങ്ങത്ത് എത്തിക്കാൻ പൊലീസ് സന്നദ്ധരായെങ്കിലും കോളജ് അധികൃതർ എത്തുമെന്ന് അറിയിച്ചതോടെ അവരുടെ കൂടെ വിട്ടയച്ചു. തുടർന്ന് വിദ്യാർത്ഥിനികൾ സ്റ്റേഷൻ മാസ്റ്റർക്കു പരാതി നൽകി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: