പുൽപ്പള്ളി: വയനാട് ചീയമ്പത്ത് പുള്ളിമാനുകളെ വേട്ടയാടിയ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളടക്കം നാല് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് എൽദോസ് കണിയാംകുടി, മീനങ്ങാടി ബ്ലോക്ക് ജനറൽ സെക്രട്ടറി റജി പുളിങ്കുന്നേൽ, ജോസ് മാത്യു, സിബി പുറത്തോട്ട് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് പുള്ളിമാനുകളുടെ ജഡവും നാടൻ തോക്കും തിരകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ചെറിയ കുരിശ് ഭാഗത്ത് രാത്രി പട്രോളിങ്ങിനിറങ്ങിയ വനപാലകർ വെടിയൊച്ച കേട്ട് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി വനംവകുപ്പ് അധികൃതർ അറിയിച്ചു


