Headlines

ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാന നഗരി; അധിക സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി, ക്രമീകരണങ്ങൾ അറിയാം



   

തിരുവനന്തപുരം : ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങൾ എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകൾ ഉടൻ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളുടെ ബസുകൾ ലൈൻ അപ്പും പാർക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച തീരുമാനിച്ചു. ഭക്തർക്ക് ഈ സ്ഥലങ്ങളിൽ എത്തി യാത്ര ചെയ്യാം.

പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂർ മുൻപ് മുതൽ ബസുകൾ ലൈൻ അപ്പ് ചെയ്ത് നിർദ്ദിഷ്ട സ്ഥലങ്ങളിൽ പാർക്കിംഗ് ഏർപ്പെടുത്തും.

ഉള്ളൂർ, ശ്രീകാര്യം. എം.സി റോഡ്, പേരൂർക്കട എന്നീ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസുകൾ വികാസ് ഭവനിൽ നിന്ന് ഗവ.ലോ കോളേജ്, ബാർട്ടൻഹിൽ സ്കൂൾ ഗ്രൗണ്ട്, പാറ്റൂർ, വഞ്ചിയൂർ, ഉപ്പിടാംമൂട് പാലം, ഫോർട്ട് സ്കൂൾ, എസ്.പി ഫോർട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷൻ, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവർ ബ്രിഡ്‌ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപ് ലൈൻ അപ്പ് ചെയ്യുന്നതും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോർട്ട് നോർത്ത് സ്റ്റാൻ്റിൽ നിന്നും കയറ്റി സർവീസ് നടത്തുന്നതുമാണ്. വികാസ് ഭവൻ, ഫോർട്ട് സ്കൂൾ, കിഴക്കേകോട്ട എന്നിവിടങ്ങളിൽ പാർക്കിംഗിന്റെയും ലൈനപ്പിന്റെയും ക്രമീകരണത്തിനായി ഓഫീസുകൾ പ്രവർത്തിക്കും.

നെയ്യാറ്റിൻകര, നേമം ഭാഗത്തേക്കുള്ള ബസുകൾ കരമന – പി.ആർ.എസ് ഹോസ്പിറ്റൽ -കിള്ളിപ്പാലം റൗണ്ട് കറങ്ങി നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപ് പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി കരമന, നെയ്യാറ്റിൻകര ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തും. കരമന, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകൾ പ്രവർത്തിക്കുന്നതാണ്.

നെയ്യാറ്റിൻകര, നേമം ഭാഗങ്ങളിൽ നിന്നും വരുന്ന 15 ഓളം ബസുകൾ കൈമനം, കരുമം റോഡ് വഴി കാലടി സ്കൂൾ മുതൽ മരുതൂർക്കടവ് പാലം വരെ നിവേദ്യത്തിനു രണ്ട് മണിക്കൂർ മുമ്പ് ലൈൻഅപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി തിരികെ ഈ റൂട്ട് വഴി മുൻ വർഷങ്ങളിലേതുപോലെ സർവീസ് നടത്തുന്നതാണ്. മരുതൂർക്കടവിൽ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കും.

മലയിൻകീഴ് – കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകൾ ബേക്കറി ജംഗ്ഷനിൽ പാർക്ക് ചെയ്ത് നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപ് ലൈൻ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി മലയിൻകീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്. ബേക്കറി ജംഗ്ഷനിൽ ഇതിൻ്റെ ക്രമീകരണത്തിനായി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കും.

വിഴിഞ്ഞം, തിരുവല്ലം ഭാഗത്ത് നിന്നുള്ള ബസുകൾ തിരുവല്ലത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ബൈപ്പാസ് പരുത്തിക്കുഴി തിരിഞ്ഞു സർവീസ് റോഡ് വഴി ആര്യൻകുഴി റോഡിലൂടെ കമലേശ്വരം സ്കൂളിനടുത്ത് നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപായി ലൈൻ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗത്തേക്ക് വൺവേ ആയി മുൻ വർഷത്തെ പോലെ സർവീസ് നടത്തുന്നതാണ്. കമലേശ്വരം സ്കൂൾ കേന്ദ്രീകരിച്ച് ഇതിനായി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കുന്നതാണ്.

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻ്റിൽ നിന്നും ദീർഘദൂര സർവീസുകൾ കൃത്യമായി വന്നുപോകുന്നതിനുള്ള സംവിധാനം മുൻ വർഷത്തെ പോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ പാളയം ജംഗ്ഷൻ മുതൽ പനവിള ജംഗ്ഷൻ വരെ ലൈൻ അപ്പ് ചെയ്യും. പൊങ്കാല നിവേദ്യത്തിനു ശേഷം തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻ്റിൽ തിരക്കനുസരിച്ച് പനവിള നിന്നും തിരു. സെൻട്രൽ യൂണിറ്റിലേക്ക് ബസുകൾ കടത്തിവിട്ട് സർവീസ് ക്രമീകരിക്കുന്നതാണ്. മോഡൽ സ്കൂൾ ജംഗ്ഷനിലും തമ്പാനൂർ ബസ് സ്റ്റാന്റിലും ഇതിനായി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കുന്നതാണ്.

സ്റ്റാച്യുവിൽ നിന്നും കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകൾ എസ്.എം.വി സ്കൂൾ വരെ ബസ് പാർക്ക് ചെയ്ത് പൊങ്കാല നിവേദ്യത്തിനു ശേഷം കിഴക്കേകോട്ടയിൽ എത്തി യാത്രക്കാരെ കയറ്റി മുൻ വർഷത്തെ പോലെ സർവീസ് നടത്തുന്നതാണ്. പാർക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഏഴ് സ്ഥലങ്ങളിൽ നിന്നും ഭക്തജനങ്ങളെ തിരികെ കൊണ്ടു പോകുന്നതിനും കെ.എസ്.ആർ.ടി.സി ബസ് പാർക്ക് ചെയ്യുന്നതിനും വേണ്ടി സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കർശനമായി ഒഴിവാക്കേണ്ടതാണെന്നും നിർദേശമുണ്ട്.

ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 23 മുതൽ ഉത്സവ ദിവസങ്ങളിൽ ആറ്റുകാൽ ക്ഷേത്രത്തിലെക്കെത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ആറ്റുകാൽ ക്ഷേത്ര നടയിൽ ഉത്സവം അവസാനിക്കുന്നതുവരെ പ്രത്യേക സ്റ്റേഷൻ മാസ്റ്റർ ഓഫീസും പ്രവർത്തിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: