പട്ന: ബിഹാറിലെ രോഹ്താസ് ജില്ലയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സസാരം മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം.
താരാചണ്ഡിക്ക് സമീപത്തുനിന്ന് ബേഡയിലേക്ക് പോകാനാണ് പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിയത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് പകരം ഡ്രൈവർ പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കടയ്ക്കുള്ളിൽ വച്ച് ഡ്രൈവറും കൂട്ടാളിയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് സന്ദീപ് കുമാർ, ചിതരഞ്ജൻ പാസ്വാൻ എന്നിവരെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്കായി പെൺകുട്ടിയെ സസാരം സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു


