Headlines

തൊട്ടാൽ പൊള്ളും സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു




സംസ്ഥാനത്ത് കോഴിമുട്ടയുടെ വിലയിൽ വൻ വർധന. ചില്ലറ വിപണിയിൽ ഒരു മുട്ടക്ക് നിലവിൽ എട്ട് മുതൽ പത്ത് വരെയാണ് വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് വില ഉയരാൻ തുടങ്ങിയത്. മുമ്പ് അഞ്ച് രൂപക്ക് ലഭിച്ചിരുന്ന മുട്ടക്ക് ഇപ്പോൾ രണ്ട് രൂപയോളമാണ് വർധിച്ചത്.  

നാടൻ കോഴി മുട്ടയുടെ വിലയും കുതിച്ചുയരുകയാണ്. വരും ദിവസങ്ങളിലും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ.   

കോഴിത്തീറ്റയുടെ വില വർധിച്ചതാണ് മുട്ട വില ഉയരാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. നിലവിൽ കോഴിത്തീറ്റക്ക് 2760 രൂപയാണ് വില. നേരത്തെ ഇത് 1800 മുതൽ 2000 രൂപ വരെയായിരുന്നു. ചോളത്തിന് ക്ഷാമം നേരിട്ടതാണ് കോഴിത്തീറ്റയുടെ വില വർധനവിന് കാരണം. കോഴിത്തീറ്റയിലെ പ്രധാന ഘടകമാണ് ചോളം. 

എഥനോൾ നിർമാണത്തിനായി ചോളം വൻ തോതിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റ നിർമാണത്തിനുള്ള ചോളത്തിൽ ക്ഷാമം നേരിട്ടു. പിന്നാലെ കോഴിത്തീറ്റയുടെ വില കൂടിയതോടെ കോഴി വളർത്തലിന്റെ ഉൽപാദനച്ചെലവും ഉയർന്നു. അത് മുട്ട വിലയിൽ പ്രതിഫലിക്കുകയുമായിരുന്നു. കൂടാതെ വിപണിയിൽ മുട്ടക്കുള്ള ആവശ്യകത കൂടിയതും വില ഉയരാൻ കാരണമായിട്ടുണ്ട്. 

ഇതിന് പുറമെ, ക്രിസ്മസും പുതുവത്സരവും അടുത്തുവരുന്നതോടെ കേക്ക് നിർമാണത്തിനായി മുട്ട വൻതോതിൽ വാങ്ങി സംഭരിക്കുന്നതും വില വർധനവിലേക്ക് നയിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ മുട്ടയുടെ ആവശ്യകത ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ, അടുത്ത ദിവസങ്ങളിൽ വില കുറയാൻ സാധ്യത ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: