കൊച്ചി : സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. ജഡ്ജി നിയമനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടുന്നുവെന്നും കൊളീജിയം ശുപാർശകൾ അട്ടിമറിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. യൂത്ത് ലീഗ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ജുഡീഷ്യറിയിലെ സർക്കാർ ഇടപെടലുകളെക്കുറിച്ചുള്ള തുറന്നുപറച്ചിൽ.
സുപ്രിംകോടതിയിലെ ജഡ്ജിമാരെ ഇപ്പോൾ തീരുമാനിക്കുന്നത് സർക്കാരാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ആരോപിച്ചു. ഭാവിയിൽ ആരായിരിക്കണം ചീഫ് ജസ്റ്റിസ് എന്നതുപോലും മുൻകൂട്ടി കണക്കുകൂട്ടിയാണ് കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊളീജിയം ശുപാർശ ചെയ്യുന്ന പലരുടെയും പേരുകൾ കേന്ദ്ര സർക്കാർ വൈകിപ്പിക്കുകയാണ്. സർക്കാരിന് താൽപ്പര്യമില്ലാത്തവരെ നിയമിക്കാതിരിക്കാനും അവരുടെ സീനിയോറിറ്റി നഷ്ടപ്പെടുത്തി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള സാധ്യത ഇല്ലാതാക്കാനുമാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം വിമർശിച്ചു.
ജുഡീഷ്യറിയിലെ പ്രശ്നങ്ങൾ തുറന്നുപറയാനാണ് താനടക്കം നാല് മുതിർന്ന ജഡ്ജിമാർ നേരത്തെ വാർത്താസമ്മേളനം വിളിച്ചതെന്നും കുര്യൻ ജോസഫ് ഓർമിപ്പിച്ചു. കാര്യങ്ങൾ ശരിയായ രീതിയിലല്ലെന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു അന്ന് അസാധാരണമായ നടപടിക്ക് മുതിർന്നത്. എന്നാൽ വാർത്താസമ്മേളനം നടത്തിയിട്ടും കാര്യമായ മാറ്റമുണ്ടായില്ല. നിലവിലെ സാഹചര്യം അതിനേക്കാൾ മോശമായെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ജനാധിപത്യം നിലനിർത്തുന്നതിൽ യുവജനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


