സ്വകാര്യ ബസുകൾക്കെതിരെ വടിയെടുത്ത് ഹൈകോടതി. നഗരത്തിലൂടെ അമിതവേഗത്തിലോടുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ പൊലീസിന് കഴിയില്ലെങ്കിൽ പറയണം, ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കാക്കനാട് ഇൻഫോപാർക്കിലേക്ക് റോഡിൽ തൃശ്ശൂർ സ്വദേശിനിയായ അക്ഷര സ്വകാര്യ ബസിടിച്ച് മരിച്ച പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ രൂക്ഷമായ വിമർശനം.
ഡെപ്യുട്ടി കമീഷണറെയും അസിസ്റ്റന്റ് കമീഷണർമാരെയും വിളിച്ചുവരുത്തിയ കോടതി ഒരാഴ്ചക്കകം ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു. സീബ്രാ ക്രോസിങ് എവിടെയാണെന്നുപോലും അറിയാനാകില്ലെന്ന് കോടതി പറഞ്ഞു. ക്യാമറയൊക്കെ കണ്ണടച്ചു. പൊലീസ് നടപടി കർശനമാക്കിയാൽ എല്ലാം മാറും. ബസുകളുടെ അമിതവേഗവും അപകടവും തുടർക്കഥയാണെന്ന് അമിക്കസ് ക്യൂറി വിനോദ് ഭട്ട് വിശദീകരിച്ചു.
വലിയ വാഹനങ്ങൾ ഓവർ ടേക്ക് ചെയ്യരുതെന്നതടക്കമുള്ള കർശനമായ നിർദേശങ്ങൾ പാലിക്കണം. എല്ലാവരും വഴി മാറി കൊടുക്കുമെന്ന് കരുതിയാണ് ബസുകാർ ഹോൺ അടിച്ച് പേടിപ്പിക്കുന്നത്.
വാഹനാപകട കേസുകളിൽ ബസ്സുടമകൾക്കെതിരേ നടപടി സ്വീകരിക്കാത്തത് എന്തെന്നും കോടതി ചോദിച്ചു. അവർക്ക് ഉത്തരവാദിത്വം ഉണ്ട്. ബസ്സുടമകൾക്കെതിരേയും നടപടി വേണം. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്താൽ പിന്നീട് തിരിച്ചുവരും. ബസുകളുടെ ചുവന്നനിറം മാറ്റിയെങ്കിലും സ്വഭാവം മാറിയിട്ടില്ല. കൊച്ചി പഴയ കൊച്ചിയല്ല. റോഡിലൂടെ നടക്കുന്നവർ ഏറെയുണ്ട്. അവർക്കുപോകാൻ സ്ഥലമില്ലാതായിരിക്കുന്നു. കാക്കനാട്ടെ അപകടത്തിനിരയായ യുവതിക്ക് മാറിനിൽക്കാൻ സ്ഥലമില്ലായിരുന്നു.
ഇൻഫോപാർക്കിലേക്ക് പോകുന്ന വഴി ഇടുങ്ങിയതാണ്. അവിടെ നടപ്പാതയില്ല. അക്ഷര അപകടത്തിനിരയാകുന്നതിൻ്റെ ദൃശ്യങ്ങളും കോടതി കണ്ടു. റോഡിലൂടെ അവർ നടന്നുവരുന്നത് ആർക്കും കാണാമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഒരു സംവിധാനം മുഴുവൻ പരാജയപ്പെടുകയായിരുന്നുവെന്ന് കോടതി പറഞ്ഞു.
ടൈമിങ് എന്നൊക്കെ പറഞ്ഞ് ബസുകളുടെ അമിത വേഗത്തെ ന്യായീകരിക്കരുത്. അതൊക്കെ മോട്ടോർവാഹന വകുപ്പ് നോക്കും. റോഡിലെ സുരക്ഷ പൊലീസ് ഉറപ്പാക്കണം.
അമിത വേഗത്തെക്കുറിച്ച് പരാതി പറയാൻ പൊലീസിനെ വിളിച്ചാൽ ഫോട്ടോ ഉണ്ടോ വിഡിയോ ഉണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്. അല്ലാതെ എങ്ങനെയാണ് കണ്ടുപിടിക്കുമെന്നാണ് അവർ ചോദിക്കുന്നത്


