കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ഹർജി. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹർജയിൽ ആവശ്യപ്പെട്ടിരുന്നു. എസ്.ഐ.ടി സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണെന്നും ആറുതവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹർജിയിലുണ്ട്. എന്നാൽ, കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭാന്ധരിക്ക് ജാമ്യം നൽകരുതെന്നായിരുന്നു എസ് ഐ ടി നിലപാട്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.
അതേസമയം, സ്വര്‍ണക്കൊള്ള കേസിൽ കൂടുതൽ അന്വേഷണത്തിന്‍റെയും തെളിവുശേഖരണത്തിന്‍റെയും ഭാഗമായി എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കട്ടിളപ്പാളി പൂര്‍ണമായും ഇളക്കിയെടുത്തു. സാമ്പിള്‍ ശേഖരിക്കാനായി മാറ്റി. സാമ്പിള്‍ ശേഖരിച്ചശേഷം നടപടികള്‍ പൂര്‍ത്തിയാക്കി കട്ടിളപ്പാളി ഇന്ന് തന്നെ തിരിച്ചുപിടിപ്പിച്ചേക്കും. ഇന്നലെ വൈകിട്ടാണ് ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കുന്നതിനായി എസ്ഐടി സംഘം സന്നിധാനത്തെത്തിയത്. എസ്പി ശശിധരന്‍റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘമാണ് സന്നിധാനത്ത് തുടരുന്നത്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. ഇന്നലെ ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. ഇതിനുശേഷം ദ്വാരപാലക ശില്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിള്‍ ആണ് ഇന്ന് ശേഖരിക്കുന്നത്. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെന്‍റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണത്തിന്‍റെ അളവ്, കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്തുകയാണ് പരിശോധനയിലൂടെ എസ്ഐടി ലക്ഷ്യമിടുന്നത്. വിശദമായ തെളിവ് ശേഖരണത്തിനുശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക.


