ബെംഗളൂരു: ബെള്ളാരിയിൽ വിദ്യാർത്ഥിയെ സഹപാഠി അടിച്ചു കൊന്നു. റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിയെയാണ് സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നത്. ശനിയാഴ്ച രാത്രിയോടെ ഗുരുകുൽ ഇന്റർനാഷനൽ സ്കൂളിന്റെ ഹോസ്റ്റലിലാണ് സംഭവം. വിദ്യാർഥിയുടെ ആക്രമണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റു.
ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന വിദ്യാർഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടർന്ന് കടന്നുകളഞ്ഞു.
പരുക്കേറ്റവരെ ബെള്ളാരി മെഡിക്കൽ കോളജ് ആൻഡ് റിസർച് സെന്ററിൽ (ബിഎംസിആർസി) പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. നിസ്സാര വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. അതേസമയം, ഹേമന്തിനെ കത്തി കൊണ്ടാണ് വിദ്യാർഥി ആക്രമിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.


