കൊല്ലം: ആരോപണങ്ങളെ തുടർന്ന് വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നും ഭാര്യ ബിന്ദു മേനോൻ അറിയിച്ചു. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ മന്ത്രി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപങ്ങളാണ് ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ചത്. ഗണേഷ് കുമാറിനെതിരെ ഫോട്ടോ അടക്കമുള്ള ശക്തമായ തെളിവുകൾ ഉണ്ടെന്നും, പരാതികളായി ഇനി മുന്നോട്ടു പോകുന്നില്ലെന്നും ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. എല്ലാം സ്നേഹമാണ്. പ്രണയമില്ലാത്തവൻ പൊട്ടനാണ് അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണുമെന്നുമാണ് വിവാദങ്ങളെക്കുറിച്ച് ഗണേഷ് കുമാർ പ്രതികരിച്ചത്. എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് എനിക്ക് ശത്രുക്കളുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.


